കൊച്ചി: അറസ്റ്റിലായ മരട് ഫ്‌ളാറ്റ് നിര്‍മാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തീരദേശ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടം നിര്‍മിച്ചെന്ന് ആരോപിച്ച് ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജൂനിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
മൂവരേയും ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം വിളിപ്പിച്ച ശേഷം ക്രൈംബ്രാഞ്ച് മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തെങ്കിലും നിലവില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
ഇതിനിടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി പരിസരവാസികളുടെ ആശങ്ക അകറ്റാനുള്ള യോഗം രാവിലെ 11ന് ചേരും. ഫ്‌ളാറ്റുകള്‍ എത്ര രൂപയ്‌ക്കാണ് ഉടമകള്‍ക്ക് വില്‍പ്പന നടത്തിയതെന്ന സത്യവാങ്മൂലം, കെട്ടിട നിര്‍മ്മാതാക്കള്‍ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി മരട് നഗരസഭാ സെക്രട്ടറിക്ക് കൈമാറാന്‍ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറുന്ന കാര്യത്തിലും ഇന്ന് തീരുമാനം ആയേക്കും.
















