കൊച്ചി: കേരളരാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സൈനേഡും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോളിയുമാണെന്ന് ബിജെപി വ്യക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. രണ്ടു പേരും കേരളരാഷ്ട്രീയത്തിലെ നശീകരണമാണെന്നും അദേഹം പറഞ്ഞു. യഥാര്‍ത്ഥ ജനകീയ പ്രശ്നങ്ങള്‍ മറിച്ചുവെയ്ക്കാനാണ് കൂടത്തായി വിഷയം ആവശ്യത്തിലധികം പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി, ശബരിമല രാഷ്ട്രീയ വിഷയമാക്കുന്നില്ല. കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിശ്വാസികളുടെ വോട്ട് തട്ടിയെടുക്കുകയായിരുന്നു. 370-ാം വകുപ്പ് റദ്ദിക്കിയതിനുശേഷം ഇടതുവലതുമുന്നണികള് ചേര്‍ന്ന് മുസ്ലിം വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കുന്ന തെരഞ്ഞെടുപ്പില്‍ 370-ാം വകുപ്പ് തിരിച്ചുകൊണ്ടുവരുമെന്ന് പറയാന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു.
എറണാകുളം മണ്ഡലത്തില്‍ ഇടത്- വലത് മുന്നണികള്‍ മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ്. മതേതരത്വം പറയുന്ന ഇടതുവലതു കക്ഷികള്‍ മതം തലയില്‍വെച്ച് നടക്കുകയാണ്. അതുകൊണ്ടുതന്നെ ചില അത്ഭുതങ്ങള്‍ നടക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടത്തുന്നത്. ഇരുമുന്നണികളും കള്ളനും പോലീസും കളിക്കുകയാണ്. പാലാരിവട്ടം മോല്‍പ്പാലം കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ മൊഴിയുണ്ടായിട്ട് പോലും യുഡിഎഫിന്റെ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് പൊതുസമൂഹത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്.
















