തൃശൂര്‍: മൃഗസ്നേഹത്തിന്റെ പേരില്‍ ഉത്സവ എഴുന്നള്ളിപ്പിനുള്ള ആനകളെ തടയുന്ന വനം വകുപ്പ്, സിംഹം ഉള്‍പ്പെടെ അപൂര്‍മായ മൃഗങ്ങളെ കൊല്ലുന്നവരെ സംരക്ഷിക്കുന്നു. ആന എഴുന്നള്ളിപ്പ് ഏതു വിധത്തിലും ഇല്ലാതാക്കുമെന്ന നിലപാടെടുത്തിട്ടുള്ള ഉന്നതനായ വ്യക്തി പദവിയിലെത്തിയ ഉടന്‍, വര്‍ഷങ്ങളോളം വനം വകുപ്പിലെ മൃഗങ്ങളെ ശുശ്രൂഷിച്ചിരുന്ന ഡോക്ടറുടെ സേവനം മതിയാക്കി. ആന എഴുന്നള്ളിപ്പുകളെയും ക്ഷേത്ര ആചാരങ്ങളെയും അനുകൂലിച്ചിരുന്നു എന്നതു മാത്രമായിരുന്നു കാരണം. പകരം രണ്ടുപേരെ നിയമിച്ചു. അതിലൊരാള്‍ ആന ചികിത്സ അറിയാത്തതിന്റെ പേരില്‍ നേരത്തെ ഡോക്ടര്‍മാറുടെ പാനലില്‍ നിന്നൊഴിവാക്കിയ ആളും രണ്ടാമത്തെയാള്‍ പശുവിനെ മാത്രം ചികിത്സിച്ച് പരിചയമുള്ള ആളുമാണ്.
താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി നിയമനം നടത്തിയതിന്റെ പരിണിതഫലങ്ങളാണ് വനംവകുപ്പിന്റെ ആനക്കുട്ടികളും, സിംഹവും എല്ലാം തുടര്‍ച്ചയായി ചാകുന്നത്. അടുത്തിടെ വനംവകുപ്പിന്റെ നെയ്യാറിലുള്ള സവാരിപാര്‍ക്കിലേക്ക് ഗുജറാത്തില്‍ നിന്ന് കൊണ്ട് വന്ന സിംഹം ചത്തത് പുറംലോകം അറിഞ്ഞില്ല. സിംഹത്തിന് മയക്ക്മരുന്ന് കൊടുത്തതിന്റെ അളവ് കൂടിയതും ഇടുങ്ങിയ എസി കൂടുകളില്‍ കിടത്തിയതുമാണ് കാരണം. പ്രളയത്തില്‍ കിട്ടിയ ആനക്കുട്ടികളും അടുത്തിടെ ചത്തു.

വയനാട്ടില്‍ വനംവകുപ്പ് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന രാജ എന്ന ആനയും ചികിത്സാ പിഴവിലാണ് ചരിഞ്ഞത്. ആന ഉടമകളില്‍ നിന്ന് സംരക്ഷണക്കുറവ് ആരോപിച്ച് വനം വകുപ്പ് പിടിച്ചെടുത്ത ഉട്ടോളി മഹാദേവന്‍ എന്ന ആനയും കീര്‍ത്തന കാര്‍ത്തിക് എന്ന ആനയും ചരിഞ്ഞു. ശക്തികുളങ്ങര ദേവസ്വത്തില്‍ നിന്ന് പിടിച്ചെടുത്ത ആന വനംവകുപ്പിന്റെ ക്യാമ്പില്‍ മരണവുമായി മല്ലടിക്കുന്നു. ആലപ്പുഴ മൂടയില്‍ അമ്പലത്തില്‍ നിന്ന് അടുത്തിടെ വനംവകുപ്പ് പിടിച്ചെടുത്ത ഒറ്റക്കൊമ്പന്‍ ഹരികൃഷ്ണന്‍ തലയ്‌ക്കകത്ത് പഴുപ്പ് കയറി വനംവകുപ്പിന്റെ കോട്ടൂരിലെ ക്യാമ്പില്‍ അതിദയനീയാവസ്ഥയിലാണ്.
പേപ്പാറയില്‍ ഭീതി പടര്‍ത്തിയ കൊലകൊല്ലി എന്ന കാട്ടുകൊമ്പനെ സാങ്കേതിക പരിജ്ഞാനങ്ങളില്ലാതെ മയക്ക് വെടിവച്ച് കൊന്നതും ആനചികിത്സ പരിചയമില്ലാത്ത ഡോക്ടര്‍മാരാണ്.
ക്ഷേത്രങ്ങളിലെ ആനകളെയും നല്ലതുപോലെ സംരക്ഷിച്ച് വരുന്ന നാട്ടാനകളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ ആചാര്യ ധ്വംസനത്തിനൊപ്പം മറ്റൊരു കാരണം കൂടിയുണ്ട്. കോടികളുടെ അഴിമതിയാണത്. തിരുവനന്തപുരം കോട്ടൂരില്‍ 110 കോടി രൂപ മുടക്കി അറുപത് ആനകൂടുകള്‍ പണിയുന്നുണ്ട്. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കുറച്ച് നാട്ടാനകളെ പിടിച്ചെടുത്ത് കോട്ടൂരിലെ ആന ക്യാമ്പില്‍ പാര്‍പ്പിക്കുക. അതിന്റെ തീറ്റയും മറ്റും കണക്കെഴുതി അതിലൊരു സാമ്പത്തിക ക്രമക്കേടുകള്‍ സൃഷ്ടിച്ച് വന്‍ തട്ടിപ്പു നടത്തുക എന്നിവയാണ് ലക്ഷ്യം. കോട്ടൂര്‍ ആന ക്യാമ്പിന് പിന്നിലും കപടമൃഗസ്‌നേഹി സംഘടനയാണ്.
















