തിരുവനന്തപുരം: ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിനൊരുങ്ങി ശ്രീപത്മനാഭസ്വാമി ക്ഷേത്രം. പത്മനാഭ പ്രീതിയ്‌ക്കായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നടത്തി വന്നിരുന്ന യാഗമാണ് മുറജപം. രാജ്യത്ത് നീതി നടപ്പാക്കുമ്പോഴും, രാജ്യ വിസ്തീര്‍ണ്ണം കൂട്ടേണ്ടി വരുമ്പോഴും യുദ്ധക്കളങ്ങളിലും മറ്റും മനപൂര്‍വ്വമല്ലാതെ ഉണ്ടാകുന്ന പാപങ്ങളുടെ പരിഹാര ക്രിയ എന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് മുറജപം എന്ന ചടങ്ങിന് തുടക്കം കുറിച്ചത്. സഹസ്രനാമങ്ങളും ജലജപങ്ങളും വേദമന്ത്രങ്ങളും കൊണ്ട് മുഖരിതമായിരിക്കും മുറജപം. മറുജപത്തിന് മുന്നോടിയായുള്ള അല്പശി ഉത്സവത്തിന് ഒക്ടോബര്‍ 24 ന് തുടക്കമാകും. 56 ദിവസം നീണ്ടു നില്‍ക്കുന്ന മുറജപം നവംബര്‍ 21 നാണ് ആരംഭിക്കുന്നത്. എട്ടു ദിവസം വീതം ദൈര്‍ഘ്യമുള്ള ഏഴു മുറകളായാണ് ജപം നടക്കുന്നത്. ഓരോ മുറയും പൂർത്തിയാകുമ്പോൾ ശീവേലി ഉണ്ടായിരിക്കും. 2020 ജനുവരി 15 ന് നടക്കുന്ന ലക്ഷദീപത്തോടെയാണ് മുറജപം അവസാനിക്കുന്നത്.
കാഞ്ചീപുരം, ശൃഗേരി, പേജാവാര്‍, ബ്രാഹ്മണ സഭ, യോഗക്ഷേമ സഭ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഇരുന്നൂറോളം പുരോഹിതര്‍ മുറജപത്തില്‍ പങ്കെടുക്കും. രാവിലെ 6.30 മുതല്‍ 8.30 വരെയാണു നാമജപം. ഇത് ആരംഭിക്കുന്നതിനു മുൻപ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം തുടങ്ങിയവ നടത്തും. ക്ഷേത്രതന്ത്രി മുഖ്യ കാര്‍മ്മികത്വം വഹിക്കും. സഹസ്രനാമം കുലശേഖര മണ്ഡപത്തിലും, ൠഗ്വേദം, യജുര്‍വേദം എന്നിവ കിഴക്കേ നടയ്‌ക്കകത്തെ രണ്ടു മണ്ഡപങ്ങളിലും, സാമവേദം വേദവ്യാസ മണ്ഡപത്തിലുമിരുന്നാണ് ജപിക്കുക. വൈകിട്ട് ഭക്തര്‍ക്കു വേണ്ടി സഹസ്രനാമ ജപം ശീവേലിപ്പുരയില്‍ നടത്തും.
ലക്ഷദീപം തെളിയിക്കുന്ന ജനുവരി 15 മുതല്‍ നാലു ദിവസം ക്ഷേത്രം മണ്‍ചിരാതുകളാലും, വൈദ്യുത ദീപങ്ങളാലും അലംകൃതമാകും. ശീവേലിപ്പുരയുടെ അഴിവിളക്കുകളും താല്‍ക്കാലികമായി തയ്യാറാക്കുന്ന തട്ടിവിളക്കുകളും, ഇടിഞ്ഞിലുകളും നിറയുന്നതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലക്ഷം ദീപപ്രഭയില്‍ മുങ്ങും.
















