തിരുവനന്തപുരം: ശബരിമലയെ 11 മേഖലകളായി തിരിച്ച് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ ഏതുതരത്തിലുള്ള നടപടിക്കും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ പോലീസിന് തീരുമാനമെടുക്കാന്‍ സാധിക്കും. നിരോധനാജ്ഞ, കരുതല്‍ അറസ്റ്റ് എന്നിവയും എളുപ്പമാവുമെന്നാണ് കരുതുന്നത്.
സുപ്രീം കോടതിയുടെ അന്തിമ വിധി അടുത്ത ദിവസം വരാനിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. പോലീസ് ആക്ട് 83 ാം വകുപ്പനുസരിച്ചാണ് ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തെ പതിനൊന്നായി തരം തിരിച്ച് സുരക്ഷ ഉറപ്പാക്കുന്നത്. ഈ പാതകളുടെ ഇരുവശത്തെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലവും സുരക്ഷാ മേഖലയായി കണക്കാക്കും.
ഇലവുങ്കല്‍, നിലയ്‌ക്കല്‍, പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, പുല്ലുമേട്, ഉപ്പുപാറ, കോഴിക്കാനം, സത്രം എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. ശബരിമലയ്‌ക്കുള്ള നേരെയുള്ള തീവ്രവാദ-സാമൂഹ്യ വിരുദ്ധരുടെ സുരക്ഷാഭീഷണി കണക്കിലെടുത്താണ് നടപടിയെന്നാണു അധികൃതരുടെ വാദം.
















