മൂവാറ്റുപുഴ: ബീഫ് കറി വില്‍പ്പന നടത്തിയതിന് മൂവാറ്റുപുഴയില്‍ വാഴക്കുളത്ത് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച സംഭവം സംഘപരിവാറിനെതിരെ ഉപയോഗിക്കാനുള്ള ഡിവൈഎഫ്‌ഐയുടെ ശ്രമം പാളി. കേസിലെ പ്രചാരണം കെട്ടുകഥയാണെന്ന് പോലീസ് സ്ഥിരീകരിച്ചതോടെയാണ് ആര്‍എസ്എസിനു നേരെയുള്ള പ്രചാരണ ആയുധമാക്കാമെന്ന് വിചാരിച്ച് കൊടിയുമായി എത്തിയ നേതാക്കള്‍ക്ക് പാരയായയത്.
വഴക്കുളത്ത് രാജൂസ് ഹോട്ടലില്‍ അരങ്ങേറിയ സംഭവമാണ് ഇതിലേക്കെല്ലാം വഴിവെച്ചത്. അവിടെയെത്തി പന്നിയിറച്ചി ഓര്‍ഡര്‍ ചെയ്ത അരുണ്‍ എന്ന യുവാവിന് വെയ്റ്റര്‍ ബീഫ് വിളമ്പിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. യുവാവിന് ബീഫ് അലര്‍ജിയെന്ന് ഹോട്ടലുകാര്‍ക്ക് അറിയില്ലായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വെയ്റ്ററെ കൈയേറ്റം ചെയ്യുന്നതിലേക്കെത്തിയത്.
കറി വെയിറ്ററുടെ നേരെ എറിഞ്ഞതോടെ സംഭവം സംഘര്‍ഷത്തിലെത്തുകയായിരുന്നു. പരിക്കേറ്റ തൊഴിലാളി സോനു ടോമിയെ (19) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബീഫ് വില്‍പ്പനയുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായി എന്ന നിലക്കാണ് സംഭവം പ്രചരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ബീഫ് വില്‍പ്പനയുമായി ബന്ധപ്പെടുത്തി രാഷ്‌ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. സംഘര്‍ഷത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ലെന്നും ഇരുവരും തമ്മില്‍ രമ്യതയിലെത്തിയെന്നും പോലീസ് വിശദമാക്കി. നേരത്തെ അരുണ്‍ ശ്രീധറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാഴക്കുളത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ടോടെ വാഴക്കുളം കല്ലൂര്‍ക്കാട് കവലയിലാണു സംഭവം നടന്നത്. ബീഫ് വില്‍ക്കരുതെന്ന് പറഞ്ഞുകൊണ്ട് സോനുവിന്റെ തലയ്‌ക്കു പാത്രം കൊണ്ട് അടിക്കുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ കടയുടമ രാജുവിനും മര്‍ദ്ദനമേറ്റെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. കൂടാതെ അരുണിനെ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് വരുത്തി തീര്‍ക്കാനും ശ്രമം. അതുകൊണ്ട് തന്നെ സംഘപരിവാര്‍ ഭീകരതയെന്ന വിധത്തില്‍ വിഷയം മുദ്രകുത്തി മുതലെടുക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ പോലീസ് അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രശ്നം വേറെയാണെന്ന് ബോധ്യമായത്.
















