കൊച്ചി: പാലാരിട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി അശോക് കുമാറിനെ സര്‍ക്കാര്‍ തെറിപ്പിച്ചു. എഎസ്‌ഐ ഇസ്മയിലിനെയും അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സംഘത്തലവന്‍. പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കരാറുകാരന് ചട്ടം ലംഘിച്ച് വായ്‌പ അനുവദിക്കാന്‍ ഉത്തരവിട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പുതിയ സംഘത്തില്‍ കോട്ടയം യൂണിറ്റിലെ ഡിവൈഎസ്പി എന്‍ കെ മനോജ് ഉള്‍പ്പടെ മറ്റ് മൂന്ന് പേരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് എഎസ്‌ഐ ഇസ്മായിലിനെ വിജിലന്‍സില്‍ നിന്ന് തന്നെ നീക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണ സംഘത്തിലെ അംഗമായ എഎസ്‌ഐ ഇസ്മയില്‍ അന്വേഷണം അട്ടിമറിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇസ്മായിലിന്റെ പല നടപടികളും സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍, അശോക് കുമാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസില്‍ പ്രതിചേര്‍ത്ത് ചോദ്യം ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് പെട്ടന്ന് സ്ഥലംമാറ്റിയതെന്ന് സേനയിലുള്ളവര്‍ പറയുന്നു. സര്‍ക്കാരും മുസ്ലീം ലീഗും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് പുതിയ മാറ്റമെന്നും ഇവര്‍ ആക്ഷേപം ഉയര്‍ത്തുന്നു.
















