തൃശ്ശൂര്‍: ‘ഭക്തരുടെ ആന’ എന്നറിയപ്പെടുന്ന പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ചരിഞ്ഞത്. പാറമേക്കാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയ ആദ്യത്തെ ആനയായിരുന്നു രാജേന്ദ്രന്‍. 1955ല്‍ ക്ഷേത്ര മേല്‍ശാന്തിയായിരുന്ന വേണാട് പരമേശ്വരന്‍ നമ്പൂതിരി ഭക്തരില്‍ നിന്നു പിരിച്ചെടുത്ത പണം കൊണ്ടാണ് 12 വയസുകാരനായ രാജേന്ദ്രനെ ക്ഷേത്രത്തില്‍ കൊണ്ടു വരുന്നത്.
വെടിക്കെട്ടിനെ ഭയമില്ലാത്ത ആനയെന്ന് പൊതുവെ അറിയപ്പെടുന്ന രാജേന്ദ്രന്‍ 50 വര്‍ഷത്തിലധികം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും സജീവ സാനിധ്യമായിരുന്നു. തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനു പാറമേക്കാവിന്റെ പന്തലില്‍ നിന്നിരുന്ന ഒരേയൊരു ആനയാണ് രാജേന്ദ്രന്‍. 1967ലാണ് രാജേന്ദ്രന്‍ ആദ്യമായി തൃശ്ശൂര്‍ പൂരത്തിന് പങ്കെടുത്തത്. തൃശ്ശൂര്‍ നഗരത്തിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളില്‍ രാജേന്ദ്രന്‍ തിടമ്പേറ്റിയിട്ടുണ്ട്. ലോറിയില്‍ കയറാന്‍ ഒരിക്കലും രാജേന്ദ്രന്‍ തയാറായിരുന്നില്ല അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറവരെയുള്ള ആദ്യകാല യാത്രകള്‍ കാല്‍നടയായിട്ടായിരുന്നു.
രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വരെ ക്ഷേത്രം തുറക്കില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ വേര്‍പാട് വലിയ വേദനയാണ് ആന പ്രേമികളില്‍ ഉണ്ടാക്കിരിക്കുന്നത്.1982 ല്‍ ഏഷ്യാഡില്‍ പങ്കെടുത്ത അപൂര്‍വ്വം ചില ആനകളിലൊന്നന്ന പ്രത്യേകതയും രാജേന്ദ്രനുണ്ട്. അന്നു തീവണ്ടികയറി പോകാന്‍ പക്ഷേ രാജേന്ദ്രന് ബുദ്ധിമുട്ടുണ്ടായില്ല. പാറമേക്കാവ് ക്ഷേത്രത്തിനടുത്തായാണ് രാജേന്ദ്രന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്.
















