തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമവിരുദ്ധമായി പ്രതിചേർക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നല്‍കാന്‍ ശുപാര്‍ശ. നഷ്ടപരിഹാരം നിശ്ചയിക്കാൻ സർക്കാർ മധ്യസ്ഥനായി ചുമതലപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് സർക്കാരിന് ശുപാർശ നൽകിയത്.
ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട സർക്കാരിനെതിരെ 20 വർഷം മുമ്പ് നമ്പി നാരായണൻ കേസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നമ്പി നാരായണനുമായി ചർച്ച ചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാൻ കെ.ജയകുമാറിനെ സർക്കാർ നിയോഗിച്ചത്. റിപ്പോർട്ട് നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറൽ സി.പി സുധാകര പ്രസാദിന് കൈമാറി. കേസിൽപ്പെട്ടതിനെ തുടർന്ന് നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജയകുമാര്‍ രണ്ടുതവണ നമ്പി നാരായണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്രയുംകാലം നീതി വൈകിയതു കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം 1.30 കോടിയായി നിശ്ചയിച്ചത്. ഈ തുക നമ്പിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഒരുവിഭാഗം മാധ്യമങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വേട്ടയാടലിന് ഇരയായ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. ഇത് സർക്കാർ കൈമാറിയിരുന്നു.
















