മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്ത്. ഇന്നലെ രാവിലെ കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 745 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. അബുദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ ഗോ എയര്‍ വിമാനയാത്രക്കാരനായ കാസര്‍കോട് പള്ളിക്കര സ്വദേശി ഷെരീഫ് മൊവ്വലി(30)ല്‍ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കണ്ടെത്തിയത്.
28 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. രണ്ടുമാസം മുന്‍പ് ഡി.ആര്‍.ഐ. നടത്തിയ പരിശോധനയില്‍ നാലരക്കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇത്തരത്തിലുളള സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാനും തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
















