ചേര്‍ത്തല: അരൂരിലെ ഇടതു സ്ഥാനാര്‍ഥി മനു സി.പുളിക്കലിനെതിരെ ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശമുണ്ടായതില്‍ പോലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം. നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അസി. പബ്ലിക് പ്രോസിക്യൂട്ടറാണ് ഉപദേശം നല്‍കിയത്. മാനനഷ്ടക്കേസ് ആയതിനാലാണ് പോലീസിന് നേരിട്ട് കേസെടുക്കാനാകാത്തത്.
പരാതിക്കാരന്‍ നേരിട്ട് കോടതിയെ സമീപിച്ചാല്‍ മാത്രമെ നടപടി ഉണ്ടാകുകയുള്ളൂവെന്നും എപിപി അറിയിച്ചതായി സിഐ വി.പി. മോഹന്‍ലാല്‍ പറഞ്ഞു. വയലാറില്‍ വെടിവയ്‌പ് നടത്തിയ പട്ടാളക്കാര്‍ക്ക് അന്നു വൈകിട്ടു വയലാര്‍ പുളിക്കല്‍ വീട്ടില്‍ വിരുന്നു നല്‍കിയെന്നു പറഞ്ഞുള്ള ഫേസ്ബുക് പോസ്റ്റ് സംബന്ധിച്ചാണ് പരാതി. കോണ്‍ഗ്രസ് നേതാവ് ഡി. സുഗതന്റെ ഫേസ്ബുക് അക്കൗണ്ടിലാണ് പോസ്റ്റ് വന്നത്.
പലരും അത് ഷെയര്‍ ചെയ്തു. അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി.പുളിയ്‌ക്കന്റെ കുടുംബപ്പേരാണ് പുളിക്കല്‍. തെരഞ്ഞെടുപ്പ് കാലത്തുതന്നെ മനഃപൂര്‍വം തേജോവധം ചെയ്യാനാണ് അടിസ്ഥാനരഹിതമായ കാര്യം പോസ്റ്റ് ചെയ്തതെന്നും കാരണക്കാര്‍ക്കെതിരെ മനനഷ്ട കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മനു സി.പുളിക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാനാണ് നിയമോപദേശം തേടിയത്.
















