തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ എബിവിപി ക്ക് ചരിത്രനേട്ടം. അഞ്ച് സീറ്റുകളില്‍ വിജയിച്ച് വന്‍ മുന്നേറ്റമാണ് എബിവിപി കാഴ്‌ച്ചവെച്ചത്. വനിതാ പ്രതിനിധിയായി ആയി രണ്ടാം വര്‍ഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ടി.എന്‍ അഹല്യയും ക്ലാസ് പ്രതിനിധികളായി ഗ്രീഷ്മ എം തമ്പി, ദേവിക സന്തോഷ്, സുബിന്‍ എസ്, വൃന്ദ മാധവന്‍ എന്നിവരുമാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
യൂണിവേഴ്സിറ്റി കോളേജ് മാതൃകയില്‍ കാലങ്ങളോളം എസ്എഫ്‌ഐ കഠാരമുനയില്‍ നിര്‍ത്തിയിരുന്ന നഗരത്തിലെ കലാലയങ്ങളിലൊന്നാണ് വഞ്ചിയൂരിലെ സംസ്‌കൃത സര്‍വ്വകലാശാല സബ് സെന്റര്‍. നിരവധി തവണ അവിടെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു.
അക്രമരാഷ്‌ട്രീയത്തിനെതിരെ വിദ്യാര്‍ത്ഥികളിലുണ്ടാകുന്ന പ്രതിഷേധമാണ് എബിവിപി മുന്നേറ്റമെന്ന് സംസ്ഥാന സെക്രട്ടറി വി.മനുപ്രസാദ് വ്യക്തമാക്കി. കലാലയങ്ങളിലെ ചുവപ്പന്‍ കഠാരരാഷ്‌ട്രീയത്തെ ഇത്തരം ജനാധിപത്യ മുന്നേറ്റങ്ങളിലൂടെ ചെറുക്കാനാണ് എബിവിപി ഉദ്ദ്യേശിക്കുന്നതെന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ വിജയാഹ്ലാദ പ്രകടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മനുപ്രസാദ് വ്യക്തമാക്കി.
















