പത്തനംതിട്ട: പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാത്തത് മൂലമാണ് അധികാരികള്‍ ആചാരങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നതെന്ന് മാര്‍ഗ്ഗമണ്ഡലം സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആര്‍ജ്ജവത്തിലേക്ക് ഹിന്ദുസമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനമാകെ ധര്‍മാചാര്യസഭകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സഭാരൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
ഹിന്ദു എന്ന അടിത്തറയിലാണ് സമുദായങ്ങളും മറ്റ് എല്ലാ ആചരണ വ്യവസ്ഥകളും നിലനില്‍ക്കുന്നതെന്ന കാര്യം ഹിന്ദു മറക്കരുത്. അതുകൊണ്ടുതന്നെ എന്തെല്ലാം ഭിന്നതകളുണ്ടങ്കിലും പുറമേക്ക് ഒരു ശബ്ദം മാത്രം വരാന്‍ ശ്രദ്ധിക്കണം. ഒരു ആചരണത്തെയും മധ്യമമെന്നോ അധമമെന്നോ മുദ്രകുത്താന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംബോധ് ഫൗണ്ടേഷന്‍ ആചാര്യനും മാര്‍ഗ്ഗദര്‍ശക മണ്ഡലം സംസ്ഥാന ഉപാധ്യക്ഷനുമായ സ്വാമി അധ്യാത്മികാനന്ദ സരസ്വതി അധ്യക്ഷനായി. മാര്‍ഗ്ഗദര്‍ശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ആമുഖപ്രഭാഷണം നടത്തി.
പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ്പി.ജി. ശശികുമാര്‍ വര്‍മ, അക്കീരമണ്‍ കാളിദാസ ഭട്ടതിരി, സ്വാമി ഋതാനന്ദപുരി, സ്വാമി ഗൗരീശാനന്ദതീര്‍ത്ഥപാദര്‍, ബ്രഹ്മകുമാരിമാരായ ഉഷാബഹന്‍, ഗീതാബഹന്‍, സ്വാമി ശിവാന്ദതീര്‍ത്ഥ എന്നിവര്‍ സംസാരിച്ചു. ധര്‍മാചാര്യ സമിതിയുടെ പത്തനംതിട്ട ജില്ലാ ഭാരവാഹികളായി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി (അധ്യക്ഷന്‍), ഗൗരിശാനന്ദതീര്‍ത്ഥപാദര്‍ (കോ-ഓര്‍ഡിനേറ്റര്‍), കെ.എസ്. സതീഷ്‌കുമാര്‍, ഇലന്തൂര്‍ ഹരിദാസ്, കെ.കെ. സുഭാഷ്, അനില്‍കുമാര്‍ (സഹ കോ-ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















