പത്തനംതിട്ട: ശബരിമലയിലെ ആചാര ലംഘനത്തില്‍ പ്രതിഷേധിച്ച് 2019 ജനുവരി രണ്ടിന് പന്തളത്ത് നടന്ന പ്രകടനത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കൊലപാതകക്കേസ് പോലീസ് അട്ടിമറിക്കുന്നു. സംഭവത്തില്‍ സിപിഎമ്മുകാരായ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ഇവരില്‍ ചിലരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതിനായി സംഭവത്തിന് ദൃക്‌സാക്ഷികളായ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ മൊഴി പോലീസ് തിരുത്തി. ഈ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയല്ല കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് ദുര്‍ബ്ബലപ്പെടുത്താനും സിപിഎമ്മുകാരെ രക്ഷിക്കാനുമുള്ള ആസൂത്രിത നീക്കമാണ് പോലീസിന്റേത്. എഫ്‌ഐആറിലെ നാലാം പ്രതി സന്ദീപ്, ആറാം പ്രതി വിഷ്ണു എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കേസിലെ പ്രധാനപ്രതികള്‍ക്ക് സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും ചുമതലകളില്‍ സ്ഥാനക്കയറ്റം നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. സിപിഎമ്മുകാരെ രക്ഷിക്കാന്‍ പാര്‍ട്ടിയും പോലീസും ഒത്തുകളിക്കുകയാണ്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനും പോലീസ് തയാറായിട്ടില്ല.
കേസിലെ സാക്ഷികളുടെ മൊഴി തിരുത്തിയ സംഭവത്തില്‍ പത്തനംതിട്ട പോലീസ് മേധാവിക്ക് ശബരിമല കര്‍മസമിതി പരാതി നല്‍കി. സാക്ഷികളായ പുതുശേരി വീട്ടില്‍ അരുണ്‍കുമാര്‍, അജിത്ത് ഭവനം രഘുനാഥപിള്ള എന്നിവരുടെ ശരിയായ മൊഴി നിയമപരമായി രേഖപ്പെടുത്താന്‍ പോലീസ് തയാറാവണമെന്നും മൊഴി തിരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.കെ. ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമല കര്‍മസമിതി ഭാരവാഹികളും കേസിലെ സാക്ഷികളുമായ അരുണ്‍കുമാര്‍, രഘുനാഥപിള്ള എന്നിവരും പങ്കെടുത്തു.
















