വട്ടിയൂര്‍ക്കാവ്: ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റില്‍ നിന്ന് കഷ്ടിച്ച് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്താന്‍ സാധിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നാല്പതോളം കോളനികളാണ് വിവിധ വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്നത്. ഓരോ കോളനിയിലും നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. പേരൂര്‍ക്കടയിലെ ഹാര്‍വിപുരം, നെട്ടയത്തെ മലമുകള്‍ പോലുള്ള കോളനിയിലെ താമസക്കാര്‍ക്ക് 35 വര്‍ഷമായി പട്ടയം പോലും ലഭിച്ചിട്ടില്ല. മാറി മാറി വരുന്ന അധികാരികള്‍ക്ക് മുമ്പില്‍ തങ്ങളുടെ ദുരിതങ്ങള്‍ ബോധിപ്പിച്ചിട്ടും യുഡിഎഫും എല്‍ഡിഎഫും ചെവികൊണ്ടില്ലെന്നാണ് ഇവിടത്തെ താമസക്കാര്‍ പറയുന്നത്.
മലമുകളിലെ കേളനിയിലെ താമസര്ക്കാര് തങ്ങളുടെ പട്ടയം ശരിയാക്കിത്തരണമെന്നാവശ്യപ്പെട്ട് നിരവധി തവണ കൗണ്‍സിലറോട് പോലും അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. പട്ടയം ലഭിക്കാത്തതിനാല്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരില്‍ നിന്നോ നഗരസഭയില്‍ നിന്നോ ഇവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഇരു മുന്നണികളും പട്ടയ പ്രശ്നം പരിക്കാമെന്ന് വാക്കു നല്കിയാലും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ല. പട്ടയപ്രശ്നം പരിഹരിക്കാന്‍ റവന്യൂ മന്ത്രി ഇന്നും നാളെയുമായി ഇവിടെ എത്തുമെന്നാണ് നാട്ടുകാരോട് സിപിഎം പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ സിപിഎമ്മിന്റെ പൊള്ളയായ വാഗ്ദാനം മാത്രമാണിതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.
രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് മലമുകളിലെ മറ്റൊരു പ്രശ്നം. എട്ട് വര്‍ഷമായി ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട്. ജപ്പാന് കുടിവെള്ള പദ്ധതികൊണ്ടുവന്നിട്ടും ഫലവത്തായില്ല. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം മാത്രമാണ് ഇപ്പോഴും ഇവിടെ ഉള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്. അങ്ങനെ എത്തുന്ന കുടിവെള്ളം ശേഖരിച്ചാണ് ഇവിടത്തെ അമ്മമാര്‍ അടുക്കളകാര്യങ്ങള്‍ ഭംഗിയാക്കുന്നത്. കുടിവെള്ളത്തിനായി കേഴുകയാണ് കോളനിയിലെ ഓരോ വീട്ടുകാരും.
ഈ പ്രദേശങ്ങളില്‍ വൈദ്യുതി ക്ഷാമവും രൂക്ഷമാണ്. ഇതിന് പരിഹാരം കാണണമെന്ന ഇവിടത്തെ ജനങ്ങളുടെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിങ്ങളുടെ എംഎല്‍എയോടും കൗണ്‍സിലറോടും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താത്തത് എന്തെന്ന ചോദ്യത്തിന് അവര്‍ക്കൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഞങ്ങളെ മതിയെന്നാണ് ഒരു വൃദ്ധയുടെ മറുപടി. സാധാരാണക്കാരില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഇവിടങ്ങളില്‍ ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും നിവേറ്റികൊടുക്കാന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കോ എംഎല്‍എയ്ക്കോ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് മോഹന വാഗ്ദാനവുമായി ഇവര്‍ വീണ്ടും എത്തുന്നു എന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: