ആഗസ്ത് 29ന് ആയിരുന്നു, ആ അപ്രതീക്ഷിതമായ ഫോണ്‍കോള്‍ വന്നത്. ”ലാലേട്ടന് പനി കൂടി, അമൃതയിലേക്ക് കൊണ്ടുപോവുകയാണ്” ഇത്രയും പറയുമ്പോഴേക്കും അമ്പിളിയുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. ”നന്ദേട്ടന് പ്രാര്‍ത്ഥിക്കണം” എന്നുകൂടി പറയുമ്പോഴേക്കും ഫോണ്‍ കട്ടായി. വെറുമൊരു പനി മാത്രമല്ല എന്ന് അപ്പോഴേ തോന്നിയിരുന്നു. അല്ലെങ്കില്‍ സൈന്യത്തില്‍ മേജറായി, അതും മെഡിക്കല്‍ കോറില്‍ ജോലി ചെയ്തിരുന്ന അമ്പിളി ലാല്‍കൃഷ്ണന്റെ ശബ്ദം ഇങ്ങനെ ഇടറില്ലായിരുന്നല്ലോ. ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് തൊടുപുഴയില്‍നിന്ന് അജിയും പ്രദീപനും വിളിക്കുമ്പോള്‍ നിശ്ചയിച്ചു, അത് സംഭവിച്ചുവെന്ന്. ഒരു മാസത്തിലേറെയായി ലാല്കൃഷ്ണന് തന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം നടത്തിയ പോരാട്ടം അവസാനിച്ചുവെന്ന്.
അരോഗദൃഢഗാത്രനും സദാ പ്രസന്നവദനുമായ ലാല്‍കൃഷ്ണന്റെ സാന്നിദ്ധ്യവും സൗഹൃദവും ഇനി ഒരിക്കലും ലഭിക്കില്ലല്ലോ എന്ന ബോധ്യം ഒരു നീറ്റലായി ഉള്ളില്‍ പടരുകയാണ്. തന്റെ അച്ചടക്കവും അര്‍പ്പണബോധവും അദ്വിതീയമായ സംഘടനാപാടവവുംകൊണ്ട് ലാല്‍ എക്കാലവും സ്വയംസേവകര്‍ക്കു മാത്രമല്ല മുഴുവന്‍ സമൂഹത്തിനും മാതൃകയായിരുന്നു.
തൊടുപുഴയില്‍ താലൂക്ക് പ്രചാരകായി പ്രവര്‍ത്തിക്കുന്ന കാലം മുതലേ എനിക്ക് അടുത്ത പരിചയമായിരുന്നു ഗോപാലകൃഷ്ണന് ചേട്ടന്റെ (ലാല്‍ കൃഷ്ണയുടെ അച്ഛന്) കുടുംബവുമായി. ചുറുചുറുക്കുള്ള ബാല സ്വയംസേവകരായ ലാലും, അനുജന് രാജേഷും (എറണാകുളം വിഭാഗ് സഹകാര്യവാഹ്) വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകനായ അച്ഛന്, സംഘപ്രവര്‍ത്തകരെയെല്ലാം മക്കളായി സ്നേഹിക്കുന്ന അമ്മ. ബാലഗോകുലാംഗമായ അനുജത്തി ഗീതയും അടങ്ങുന്ന ആ കുടുംബം എല്ലാ അര്‍ഥത്തിലും ഒരു നിറഞ്ഞ സംഘകുടുംബമായിരുന്നു. ആ വീട് ആ പ്രദേശത്തെ സ്വയംസേവകര്‍ക്ക് കാര്യാലയം തന്നെ ആയിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ സൈന്യത്തില്‍ ചേര്‍ന്ന ലാല്കൃഷ്ണയുമായി കൂടുതല്‍ അടുക്കുന്നത് ദല്‍ഹിയിലേക്ക് എന്റെ പ്രവര്‍ത്തനകേന്ദ്രം മാറിയ കാലത്താണ്. സ്തുത്യര്‍ഹമാംവണ്ണം സൈനികസേവനം പൂര്‍ത്തിയാക്കി ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്യുകയായിരുന്നു ലാല്‍ അപ്പോള്‍. എത്രയോ തവണ റെയില്‍വേ സ്റ്റേഷനിലും എയര്‍പോര്‍ട്ടിലും വന്ന് വീട്ടില്‍ കൂട്ടികൊണ്ടുപോകുമായിരുന്ന സ്നേഹ സമ്പന്നന്. അപ്പോഴൊക്കെയും ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരുകാര്യം ജോലി വിടുന്നതിനെക്കുറിച്ചും നാട്ടില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ചുമായിരുന്നു. ഉയര്‍ന്ന വേതനവും സ്ഥാനവുമുള്ള ഉദ്യോഗം വേണ്ടെന്നുവെയ്ക്കുന്നതിന്റെ കാരണം ലാലിനെ അറിയാവുന്ന ആളെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയില്ല. ഒരു സ്വയംസേവകന് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ തലപ്പത്ത് നടക്കുന്ന അഴിമതി. ഒന്നു കണ്ണടച്ചാല്‍ ചുരുങ്ങിയ സമയംകൊണ്ട് കൊയ്തെടുക്കാനാവുന്നത് കോടികളാണ്. പക്ഷേ, ഉള്ളില്‍ ചെറുപ്പത്തിലെ അടിയുറച്ചിരുന്ന സംഘാദര്‍ശം ലാലിനെ ഒഴുക്കിനെതിരെ നീന്താനാണ് പഠിപ്പിച്ചിരുന്നത്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുന്നതിന്റെ മുഖ്യപ്രേരണ സംഘപ്രവര്‍ത്തനം, മാതൃശാഖ കേന്ദ്രീകരിച്ചു നടത്തുക എന്നതുകൂടി ആയിരുന്നു. പ്രസിദ്ധിയുടെ വെള്ളിവെളിച്ചത്തോടും ലാലിന് തെല്ലും ആഭിമുഖ്യമുണ്ടായിരുന്നില്ല. ദല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷം മാറിയ കാലമായിരുന്നു അത്. ബാലഗോകുലത്തിലും സംഘത്തിലും അറിയപ്പെടുന്ന പ്രവര്‍ത്തകനായ ലാലിന് നിഷ്പ്രയാസം അവിടെ പലതും ആകാമായിരുന്നു. സംഘടനാപാടവത്തിന് പുറമേ ലളിതമായി ഹിന്ദിയിലും ഇംഗ്ലീഷിലും സംവദിക്കാനുള്ള സാമര്‍ത്ഥ്യവും ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന് പലതരത്തിലുമുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടുമിരുന്നു. അതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി നിശ്ശബ്ദം രാഷ്ട്രകാര്യം ചെയ്യുന്നതിലായിരുന്നു ആ യഥാര്‍ത്ഥ സ്വയംസേവകന് സായുജ്യം കണ്ടെത്തിയത്.
കേരളത്തിലെത്തിയ ലാലിനെ ബിജെപി കാര്യാലയത്തിന്റെ ചുമതലയിലും കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായും നിയോഗിച്ചെങ്കിലും സ്വതസിദ്ധമായ ഭാവവും താല്‍പ്പര്യവും നേരത്തേ സൂചിപ്പിച്ചതുപോലെ ആള്‍ത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സംഘടനാകാര്യം ചെയ്യുന്നതിലുമായിരുന്നു താത്പര്യം. അതുകൊണ്ടുതന്നെ അത്തരം ചുമതലകളില്‍നിന്ന് പിന്‍വാങ്ങി അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അല്‍പ്പം മന്ദീഭവിച്ചു കിടന്നിരുന്ന ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ലാലിന്റെ രംഗപ്രവേശത്തോടെ ഊര്‍ജ്ജസ്വലമായി. കേന്ദ്രത്തിന് പുതുതായി സ്ഥലം വാങ്ങാനും, ഗോശാല, ക്ഷേത്രം തുടങ്ങിയ പ്രോജക്ടുകള്‍ ആരംഭിക്കാനും ലാലിന്റെ ചുറുചുറുക്കുള്ള നേതൃത്വംകൊണ്ട് സാധിച്ചു.
ഒരു സ്വയംസേവകന്റെ അര്‍പ്പണബോധവും ഒരു സൈനികന്റെ അച്ചടക്കവും കോര്‍പ്പറേറ്റ് സ്ഥാപന നടത്തിപ്പിലൂടെ നേടിയ വ്യവസ്ഥാപന സാമര്‍ത്ഥ്യവും സമഞ്ജസമായി സമ്മേളിച്ചതിന്റെ ഫലമായിരുന്നു ആ മുന്നേറ്റം. അതിനെല്ലാം പുറമേ വാക്കും പ്രവൃത്തിയും ഒരുമിപ്പിക്കാനുള്ള സിദ്ധിയും ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു. ശ്രീകൃഷ്ണ കേന്ദ്രത്തില്‍ ഗോശാല സ്ഥാപിക്കുന്ന സമയത്ത് അവിടേക്കുള്ള ഗോ സമര്‍പ്പണത്തിന് തുടക്കംകുറിച്ചത് സ്വന്തം മകനെക്കൊണ്ടായിരുന്നു എന്ന വസ്തുത പലര്‍ക്കുമറിയില്ല. പൊതുകാര്യങ്ങള്‍ക്കായി ധനശേഖരണത്തിനിറങ്ങുന്നവരില് എത്ര പേരാണിന്ന് തങ്ങളാവുംവിധം സമര്‍പ്പണം നടത്തിയശേഷം പൊതുജനത്തെ സമീപിക്കാറുള്ളത്? അവിടെയും ലാല്‍ വേറിട്ടുനിന്നു. തന്റെ കഴിവിനപ്പുറം സ്വയം ചെയ്തതിന് ശേഷമായിരുന്നു ലാല്‍ സമൂഹത്തിന് മുന്നിലേക്കിറങ്ങിയത് എന്നു സാരം.
ഇടക്കാലത്ത് ജനം ടിവിയുടെ സിഇഒ ആയും സ്തുത്യര്‍ഹമാംവണ്ണം പ്രവര്‍ത്തിച്ചു. സംഘത്തിന്റെ ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖ് എന്ന നിലയില്‍ നിരന്തരം യാത്ര ചെയ്തുപോന്നിരുന്ന ലാല്‍ ഒരുവര്‍ഷത്തിനിടെ കേരളം നേരിട്ട രണ്ടു മഹാപ്രളയത്തിലും സേവന പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഭീകരമായ ദുരന്തമുഖത്ത് കഴുത്തറ്റം വെള്ളത്തില്‍ ദിവസങ്ങളോളം എല്ലാം മറന്നുള്ള ലാലിന്റെ അശ്രാന്ത പരിശ്രമം കവളപ്പാറയിലെയും മറ്റും ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. പക്ഷേ അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു, സദാ സുസ്മേരവദനനായി തങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി കര്‍മനിരതനായി നിലകൊണ്ട ലാല്‍ കൃഷ്ണ എന്ന ആ ധീരന് കടുത്ത മഞ്ഞപ്പിത്തം പിടിപെട്ട് രോഗക്കിടക്കയില്‍നിന്നാണ് അവിടേയ്ക്കെത്തിയതെന്ന്.
അതുപോലെതന്നെ ആയിരുന്നു കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്ത് സന്നിധാനത്തെ ലാലിന്റെ സാന്നിധ്യവും നേതൃത്വവും. ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താനുള്ള ഈശ്വര നിഷേധികളുടെ ഓരോ നീക്കവും തുടക്കത്തിലേ തിരിച്ചറിഞ്ഞു പ്രതിരോധിക്കാനും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ചെറുത്തു തോല്‍പ്പിക്കാനും അയ്യപ്പഭക്തന്മാര്ക്ക് കഴിഞ്ഞെങ്കില്‍ അതിന്റെ കാരണക്കാരനും ഈ ധീരസൈനികനായിരുന്നു. സ്വന്തം അനുജനെ (രാജേഷ്) നാമജപത്തിന് നേതൃത്വം കൊടുത്ത കുറ്റത്തിന് പോലീസ് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോഴും ലാല്‍കൃഷ്ണ അക്ഷോഭ്യനായി തന്റെ കര്‍ത്തവ്യനിര്‍വഹണത്തില്‍ വ്യാപൃതനായി നിലകൊണ്ടു.
ഇങ്ങനെ എല്ലാകാലത്തും സംഘത്തിലൂടെയുള്ള ദേശസേവനമെന്ന മഹദ്കര്‍മ്മത്തില്‍ മാത്രം ജന്മസാഫല്യം കണ്ടിരുന്ന ഒരു ഉത്തമ സ്വയംസേവകനെയാണ് സംഘത്തിനും സമൂഹത്തിനും ലാല്‍കൃഷ്ണയുടെ അകാലവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. പ്രസിദ്ധിയുടെ മനംമയക്കുന്ന പ്രലോഭനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി രാഷ്ട്രസേവനത്തില്‍ നിശ്ശബ്ദം മുഴുകിയിരുന്ന ആ കര്‍മയോഗിയുടെ ചിര സ്മരണകള്‍ക്കു മുന്നില്‍, ദൂരെ മുക്തിയുടെ കവാടമായ ഹിമവല്പാദത്തിലിരുന്ന്, അശ്രുപുഷ്പാഞ്ജലി അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: