ന്യൂഡല്‍ഹി: ഭാരതത്തിനായി പൊരുതി മരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക നാലിരട്ടിയാക്കി വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേക്ക് നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നത് സംബന്ധിച്ച ഉത്തരവില്‍ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ഒപ്പുവച്ചു. ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. കുടുംബ പെന്‍ഷനും ഇന്‍ഷുറന്‍സിനും പുറമെയാണ് ഈ സഹായം. രാജ്യത്തെ സൈനികരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാകുന്നത്. സൈനികരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
2016 ല്‍ സിയാച്ചിനില്‍ ഹിമപാതത്തില്‍ പത്ത് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ നിരവധി ആളുകള്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി എത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ എ.ബി.സി.ഡബ്ല്യൂ.എഫ് രൂപവത്കരിച്ചത്. 2017 ജൂലായില്‍ നിലവില്‍ വന്ന എ.ബി.സി.ഡബ്ല്യൂ.എഫ് 2016 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാവുകയായിരുന്നു. വീരമൃത്യു വരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്ന അര്‍ധ സൈനികരുടെ കുടുംബാഗങ്ങള്‍ക്കായി ഭാരത് കെ വീര്‍ ഫണ്ട് ആരംഭിച്ചതും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങാണ്.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്ന് രക്തസാക്ഷികളുടെ മക്കള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തുന്ന ഉത്തരവിലാണ് നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത്. പെണ്‍കുട്ടികള്‍ക്ക് 2250 രൂപയും ആണ്‍കുട്ടികള്‍ക്ക് 2000 രൂപയുമായിരുന്നു നല്‍കി വന്നിരുന്നത്. എന്നാല്‍ അത് പെണ്‍കുട്ടികള്‍ക്ക് 3000 രൂപയും ആണ്‍കുട്ടികള്‍ക്ക് 2500 രൂപയുമായി ഉയര്‍ത്തി.















