ന്യൂദല്‍ഹി: ബുള്ളറ്റ് പ്രൂഫ് നിര്‍മാണത്തില്‍ ഇന്ത്യ സ്വയം പര്യപ്തത നേടി. ഇതോടെ ബുള്ളറ്റ് പ്രൂഫ് നിര്‍മാണ കുത്തകകളായ അമേരിക്ക, യു കെ, ജര്‍മനി എന്നീ ലോക രാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടി. പ്രധാന മന്ത്രിയുടെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച സുരക്ഷാ വസ്ത്രം കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി റാം വിലാസ് പാസ്വാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ഭാരക്കുറവും വിലക്കുറവും അന്താരാഷ്‌ട്ര ഗുണനിലവാരവും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബുള്ളറ്റ് പ്രൂഫുകളുടെ പ്രത്യേകതകളാണ്. പോരാത്തതിന് ഇതിനോടകം തന്നെ ബുള്ളറ്റ് പ്രൂഫുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടെന്നും പാസ്വാന്‍ മാധ്യമങ്ങളോട് പങ്കുവച്ചു. ഇതിന് അഞ്ചുമുതല്‍ പത്ത് കിലോഗ്രാം വരെ ഭാരമുണ്ട്. 70,000 മുതല്‍ 80,000വരെയാണ് വില ഇട്ടിരിക്കുന്നത്. കൂടാതെ ഇത് രാജ്യത്തുടനീളം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ജാക്കറ്റ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും അതിന്റെ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്തു.വെടിയുണ്ടകളില്‍നിന്ന് 360 ഡിഗ്രിയില്‍ ശരീരത്തിന് സംരക്ഷണം നല്‍കുമെന്ന് ഇവര്‍ വിശദീകരിച്ചു. ഇവ ധരിക്കുന്നതു കൊണ്ട് സൈനികര്‍ക്ക് ആയുധമുപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ബി.ഐ.എസ് നിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിച്ചത്.ബിഐഎസ് നിശ്ചയിച്ചിട്ടുള്ള നിലവാരം അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ക്ക് തുല്യമാണ്.
















