ന്യൂദല്‍ഹി : യുഎസ് ഹൂസ്റ്റണിലെ ഹൗഡി മോദിക്കുശേഷം സൗദിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പില്‍. ഹൂസ്റ്റണിലെ ഹൗഡി മോദിക്ക് അന്താരാഷ്‌ട്ര തലത്തില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചത്. ഇന്ത്യ- സൗദി സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോദി ഈ മാസം അവസാനത്തോടെ സൗദിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചാണ് വന്‍ സ്വീകരണ പരിപാടിയും ഒരുക്കുന്നത്. സൗദി തലസ്ഥാന നഗരിയായ റിയാദിലെ സിബിഷന്‍ സെന്ററില്‍ വെച്ചാണ് സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. റിയാദ് രാജ്യാന്തര എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയായതിനു ശേഷമുള്ള രണ്ടാമത്തെ സന്ദര്‍ശനമാണ് ഇത്. 2016ലാണ് ഇതിനു മുമ്പ് സന്ദര്‍ശനം നടത്തിയത്. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ കിങ് അബ്ദുള്‍അസീസ് സാഷ് നല്‍കി ആദരിച്ച ശേഷമാണ് സൗദി അറേബ്യ മോദിയെ ഇന്ത്യയിലേക്ക് യാത്രയാക്കിയത്. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പുവെച്ചിരുന്നു.
ഒക്ടോബര്‍ 27, 28 തീയതികളിലാണ് മോദി സൗദി സന്ദര്‍ശിക്കുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി മോദി സന്ദര്‍ശനവേളയില്‍ കൂടിക്കാഴ്‌ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ സൗദി അറേബ്യ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനും നേരെയുണ്ടായ ഡ്രോണ്‍ അക്രമണത്തിന് ശേഷം ആഗോള തലത്തില്‍ ഇന്ധനവില വര്‍ധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിപണിയേയും ഇത് ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള എണ്ണക്കയറ്റുമതി സുഗമമാക്കാനും സന്ദര്‍ശനത്തിലൂടെ മോദി ലക്ഷ്യമിടുന്നുണ്ട്. ഇതോടൊപ്പം നിര്‍ണ്ണായകമായ വ്യവസായ- വാണിജ്യ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















