ന്യൂദല്‍ഹി:ശാസ്ത്ര മേഖലയിലെ ജയപരാജയങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ രാജ്യത്തിനു വേണ്ടി ഇത്തരം മേഖലകളില്‍ അഹോരാത്രം കഷ്ടപ്പെടുന്നവരെ ആരും അറിയാറില്ല. ഇതിനു വിപരീതമായ കാഴ്ചയാണ് ഇന്നലെ ഇന്‍ഡോര്‍ ഫ്‌ളൈറ്റിലെ യാത്രക്കാര്‍ സാക്ഷ്യം വഹിച്ചത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ എക്കണോമിക് ക്ലാസില്‍ യാത്രയ്‌ക്കായി കയറിയതായിരുന്നു. ആളെ മനസിലായതും സെല്‍ഫി എടുക്കാനും ഷേക്ക് ഹാന്‍ഡ് നല്‍കി അഭിനന്ദിക്കാനും ആരാധകര്‍ ചുറ്റും കൂടി. വാര്‍ത്ത വൈറലായതോടെ ‘ഇന്ത്യ അവരുടെ യഥാര്‍ത്ഥ സെലിബ്രിറ്റിയെ കണ്ടെത്തിയെന്ന് ട്വിറ്റര്‍ ലോകം വാഴ്‌ത്തി.
ചന്ദ്രയാന്‍ 2 പൂര്‍ണവിജയം നേടിയിരുന്നില്ല,എന്നുവച്ച് അന്ന് രാജ്യത്തിനു വേണ്ടി വിങ്ങിപ്പൊട്ടിയ ഒരു ശാസ്ത്രഞ്ജനെ ആരും മറന്നിട്ടില്ല. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കും ചെയര്‍മാന്‍ കെ ശിവനു സാധിച്ചതിന്റെ തെളിവാണിത്. ക്ഷമയോടെ എല്ലാ സെല്‍ഫികള്‍ക്കും നിന്നു കൊടുത്ത അദ്ദേഹം തന്റെ സീറ്റിലേക്ക് തിരിയവെ ആണ് ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ സ്‌നേഹത്തിന്റെ പ്രതിഫലനം എന്നോണം യാത്രക്കാര്‍ കയ്യടിച്ച് അഭിനന്ദനം അറിയിച്ചത് വീഡിയോ ട്വിറ്ററില്‍ വൈറലാണ്. ഒപ്പം, ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ട്വിറ്റര്‍ ലോകം അഭിനന്ദിക്കുന്നുണ്ട്.
















