ന്യൂദല്‍ഹി : റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ട് മാധ്യമ വാര്‍ത്തയെന്ന് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ആര്‍ബിഐയുടെ ഇടക്കാല ലാഭവിഹിതമായ 30,000 കോടി രൂപ ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വാര്‍ത്ത പുറത്തുവന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട അറിവ് മാത്രമേയുള്ളൂ. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു ആവശ്യപ്പെടലുകളും ഉണ്ടായിട്ടില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 3.3% ആയി നിലനിര്‍ത്താനാണ് ഇടക്കാല ലാഭവിഹിതം ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം കരുതല്‍ ധനത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു നല്‍കാന്‍ ആര്‍ബിഐ നേരത്തെ തീരുമാനിച്ചിരുന്നു.
അതിനിടെ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ലക്ഷ്യമിട്ടിരുന്ന 6.6% 7.2% നിരക്കില്‍നിന്ന് 6.1%-5.3% ആക്കി ആര്‍ബിഐ കുറച്ചു. റിപ്പോ നിരക്കും കുറവ് വരുത്തിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്‌പകള്‍ക്കുള്ള പലിശയായ റിപ്പോ നിരക്ക് കുറയുന്നതോടെ ബാങ്ക് വായ്‌പകളുടെ പലിശനിരക്ക് കുറയുമെന്നാണു വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്.
















