ന്യൂദല്‍ഹി: കശ്മീരിന്റെ വിഷയം ആഗോള ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ പാക് അധീന കശ്മീര്‍ പ്രസിഡന്റിനെ ഫ്രഞ്ച് പാര്‍ലമെന്റില്‍ എത്തിക്കാന്‍ അടുത്ത നീക്കവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫ്രഞ്ച് പാര്‍ലമെന്റ് അധോസഭയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പിഒകെ പ്രസിഡന്റ് മസൂദ് ഖാനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കാനാണ് ഇമ്രാന്‍ ഖാന്റെ പരിശ്രമം.
ഇതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ പാക് എംബസി സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് പാര്‍ലമെന്റിന്റെ ചടങ്ങില്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശമാക്കിയത് പ്രതിപാദിക്കാനാണ് ഇമ്രാന്‍ഖാന്‍ ലക്ഷ്യം വെച്ചത്. എന്നാല്‍ ഇതിനെതിരെ ഇന്ത്യന്‍ എംബസി രംഗത്ത് എത്തിയതോടെ മസൂദ് ഖാനെ ക്ഷണിക്കുന്നതില്‍ നിന്നും ഫ്രാന്‍സ് പിന്മാറുകയായിരുന്നു. കൂടാതെ പാരീസിലെ ഇന്ത്യന്‍ സമൂഹവും മസൂദ് ഖാനെ ക്ഷണിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
ദിവസങ്ങളായി പാക്കിസ്ഥാന്‍ നടത്തിയ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് മസൂദ് ഖാനെ ഫ്രഞ്ച് പാര്‍ലമെന്റ് നാഷണല്‍ അസംബ്ലിയില്‍ മസൂദ് ഖാനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്. യുഎന്നില്‍ ഉള്‍പ്പടെ കശ്മീര്‍ വിഷയം പ്രതിപാദിക്കാനും അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ നിലപാട് എടുപ്പിക്കാനും പാക്കിസ്ഥാന്‍ നിരവധി തവണ പരിശ്രമിച്ചു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം എന്ന് പ്രതിപാദിച്ച് ലോക രാഷ്‌ട്രങ്ങള്‍ കൈയൊഴിഞ്ഞതോടെയാണ് മസൂദ് ഖാനെ ഫ്രഞ്ച് പാര്‍ലമെന്റിന്റെ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയത്.
















