ലഖ്നൗ: രാജ്യത്തെ ആദ്യ സ്വകാര്യ സെമി-ഹൈ സ്പീഡ് ട്രെയിന്‍ ‘തേജസ് എക്സ്പ്രസ്’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു. ലഖ്നൗവില്‍ നിന്ന് ദല്‍ഹിയിലെക്കാണ് ‘തേജസ് എക്സ്പ്രസ്’ സര്‍വീസ് നടത്തുന്നത്. ഇത് രാജ്യത്തിലെ ആദ്യ കോര്‍പ്പറേറ്റ് ട്രെയിനാണ്. മറ്റു നഗരങ്ങളെ കൂടി ബന്ധിപ്പിക്കുന്ന സംരംഭങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യോഗി പറഞ്ഞു. തേജസ് എക്സ്പ്രസിലെ അദ്യ ബാച്ച് യാത്രകാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.

നാളെ മുതല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഓടിത്തുടങ്ങുന്ന തേജസ് എക്സ്പ്രസ് രാവിലെ 6.10ന് ലഖ്നൗവില്‍ നിന്നും പുറപ്പെട്ട് 12.25ന് ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തും. 6 മണിക്കൂറും 15 മിനിറ്റുമെടുത്താണ് ഈ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വേഗതയേറിയ എക്സ്പ്രസായ സ്വര്‍ണ്‍ ശതാബ്ദിയെക്കാള്‍ വേഗതയുളളതാണ് തേജസ് എക്സ്പ്രസ്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തേജസ് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിനെ സംബന്ധിച്ചു നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
















