തിരുവനന്തപുരം: കാര്യമായ സുരക്ഷ ഭീഷണി ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകള്‍ക്കു പോലീസ് ഒരുക്കുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രിയോ രാഷ്‌ട്രപതിയോ കേരളത്തില്‍ എത്തുമ്പോള്‍ പോലും ഒരുക്കാത്ത തരത്തിലുള്ള വാഹനസുരക്ഷയാണ് പിണറായിക്ക്. കടുത്ത ഗതാഗത തിരക്ക് അനുഭവപ്പെടുന്ന നഗരങ്ങളില്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മണിക്കൂറുകള്‍ മുന്‍പേ ഗതാഗതം തടയുന്നത് പതാവാകുന്നു. ഇതേത്തുടര്‍ന്ന് പൊരിവെയിലത്ത് വലയുന്ന പൊതുജനം പരസ്യമായി ഇതിനെതിരേ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. കൊച്ചി നഗരത്തിലാണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ പ്രതിഷേധമുണ്ടായത്.
കഴിഞ്ഞമാസം മുപ്പതിന് കൊച്ചിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയപ്പോഴാണ് ജനം പരസ്യമായി പ്രതിഷേധിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആലപ്പുഴയിലേയ്‌ക്ക് യാത്ര ചെയ്ത മുഖ്യമന്ത്രി യുടെ വാഹനവ്യൂഹം കൊച്ചി നഗരപരിധിയിലെത്തിയപ്പോള്‍ അവിടെ സുരക്ഷയ്‌ക്കായി മാത്രം നിയോഗിച്ചിരുന്നത് ഇരുന്നൂറിലധികം പൊലീസുകാരെ ട്രാഫിക്, ലോക്കല്‍ പൊലീസുകാര്‍, ഹോംഗാര്‍ഡുകള്‍ തുടങ്ങിയവരെ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ റോഡില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇതുവഴി മുഖ്യമന്ത്രി കടന്നുപോയത് വൈകിട്ട് മൂന്ന് മണിയോടെയാണ്. രാഷ്‌ട്രപതിയെത്തുമ്പോള്‍ പോലും രണ്ടു മണിക്കൂര്‍ മുന്‍പാണ് സുരക്ഷയ്‌ക്കായി യാത്രാ വഴിയില്‍ പൊലീസിനെ വിന്യസിക്കുന്നത്. ഗതാഗതക്കുരുക്ക് ജനങ്ങളെ വലയ്‌ക്കുന്ന കൊച്ചിയിലെ വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിടാന്‍ മുപ്പത് മിനിട്ടിലേറെ മറ്റ് യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതോടെ വന്‍ഗതാഗതക്കുരുക്കിലേക്ക് കാര്യങ്ങള്‍ മാറി. പ്രകോപിതരായ ജനം ട്രാഫിക് പൊലീസുകാര്‍ക്കെതിരെ രൂക്ഷമായി ക്ഷോഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മുഖ്യമന്ത്രി പോകും നേരം പോരേ ഈ സുരക്ഷയെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ഉച്ചഭക്ഷണം പോലും കഴിക്കാനാവാതെ പൊരിവെയിലില്‍ ഡ്യൂട്ടിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ അതൃപ്തി ഉണ്ടാക്കുന്നത്.
നേരത്തേ, തൃശൂരിലും സമാനമായ സംഭവം നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നു പോകാനായി ഏറെ നേരം റോഡ് തടഞ്ഞു ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായി യുവാവ് ഉച്ചത്തില്‍ അസഭ്യം പറഞ്ഞിരുന്നു. തുടര്‍ന്ന് ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആന്‍സണ്‍ വടക്കനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായ യുവാവ് ആദ്യം എസിപി വി കെ രാജുവിനോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോള്‍ എല്ലാവരും കേള്‍ക്കേ യുവാവ് ഉറക്കേ വാഹനങ്ങള്‍ക്ക് നേരെ അസഭ്യം പറഞ്ഞു. ഇതോടെ എസിപി രാജു എത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും എസിപിയുടെ കൈ തട്ടിമാറ്റി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് യുവാവ് രക്ഷപ്പെട്ടു. തുടര്‍ന്ന് വയര്‍ലെസിലൂടെ നിര്‍ദേശം നല്‍കി ശോഭ സിറ്റിക്കു സമീപത്തു വച്ച് പോലീസ് സംഘം ബൈക്ക് തടഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് പോലീസ് യുവാവിനെ കീഴ്പ്പെടുത്തിയത്.
















