മുസാഫര്‍പുര്‍: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം വ്യക്തികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകന്‍ മണി രത്‌നം, ചലച്ചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണു ബിഹാറിലെ സദര്‍ പോലീസ് ചീഫ്് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. രണ്ട് മാസം മുമ്പാണ് പരാതി നല്‍കിയത്.
കത്തയച്ചവര്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഉജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുന്ന പ്രധാനമന്ത്രിയെ ഇകഴ്‌ത്തിക്കാട്ടാനും പരാതിക്കാര്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിലൂടെ വിഘടന വാദികളെ സഹായിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചതെന്നും പരാതിക്കാരന്‍ ആരോപിച്ചു. രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയതിന് കേസെടുക്കണമെന്നായിരിന്നു പരാതിക്കാരന്റെ ആവശ്യം. ഈ പരാതിയിലാണ് കോടതി ഉത്തരവ്. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സദര്‍ പോലീസ് പറഞ്ഞു.
രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന നിരവധി സംഭവങ്ങളില്‍ സമാധാന കാംക്ഷികളായ ഞങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നു. മുസ്ലീംങ്ങള്‍, ദളിതര്‍, എന്നിവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണം. 2016 ല്‍ മാത്രം ദളിതര്‍ക്കെതിരെ 840 തവണ ആക്രമണം നടന്നുവെന്നാണ് ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ തന്നെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്’ കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നതരത്തിലാണ് ജയ് ശ്രീറാം മുദ്രാവാക്യം ഉയര്‍ത്തപ്പെടുന്നതെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ജയ് ശ്രീറാം എന്നത് പോര്‍വിളിയായി മാറുകയാണെന്നും പൗര സമൂഹ പ്രമുഖര്‍ ചൂണ്ടിക്കാട്ടി. രാമനെ ഇത്തരത്തില്‍ ആക്രമികള്‍ ഉപയോഗിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നായിരുന്നു കത്തിലൂടെ ഇവരുടെ ആവശ്യം. കത്തിനെതിരേ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.















