ന്യൂദല്‍ഹി : ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ കരുത്ത് വര്‍ധിപ്പിച്ച് ഇസ്രയേലി സ്‌പൈക് മിസൈലുകള്‍ എത്തി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍് വീണതിനു പിന്നാലെയാണ് പുതിയ സ്‌പൈക് മിസൈലുകള്‍ എത്തിയിരിക്കുന്നത്. അതിര്‍ത്തി സംരക്ഷണത്തിനായാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്.
എതിരാളികളുടെ ടാങ്കറുകള്‍ ലക്ഷ്യം വെച്ച് നശിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ മിസൈലുകള്‍. റഫാല്‍ നിര്‍മിക്കുന്ന ഇസ്രയേലിലെ സര്‍ക്കാര്‍ പ്രതിരോധ കമ്പനിയായ സ്‌പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം) സേന അതിര്‍ത്തിയില്‍ വിന്യസിച്ചത്. 240 സ്‌പൈക് മിസൈലുകളെയാണ് ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ലഭിച്ച ആദ്യ യൂണിറ്റുകളാണ് ഇപ്പോള്‍ സേനയുടെ ഭാഗമാക്കി അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്.
പത്തു ദിവസം മുമ്പാണ് ഇസ്രയേലില്‍നിന്നു ഡസന്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയില്‍ എത്തിയത്. ഫെബ്രുവരി 26ന് നടന്ന ബലാകോട്ട് വ്യോമാക്രമണത്തിനായി മിറാഷ് 2000 യുദ്ധ വിമാനങ്ങളെയാണ് ഇന്ത്യ ഉപയോഗിച്ചത്. എന്നാല്‍ ശത്രുക്കളുടെ ടാങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള സ്‌പൈക്കര്‍ മിസാല്‍ ഇന്ത്യയ്‌ക്കില്ലെന്ന തിരിച്ചറിവിലാണ് ഇസ്രയേലിന്റെ പക്കലില്‍ നിന്നും ഇത് വാങ്ങാന്‍ തീരുമാനിച്ചത്. 280 കോടിയാണ് ഇതിന്റെ ചെലവ്.
ഡിആര്‍ഡിഒ തദ്ദേശീയമായി ഇത്തരത്തിലുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതു വരെ മിസൈലുകള്‍ വാങ്ങേണ്ടി വരുമെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഇതുവരെ മൂന്ന് തവണ തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
13 ലക്ഷം സൈനികരുള്ള ഇന്ത്യയില്‍ 50 ശതമാനത്തോളം ആയുധങ്ങളുടെ കുറവുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മിലന്‍2ടി, കൊങ്കൂര്‍സ് മിസൈല്‍ എന്നിവയ്‌ക്കു പകരമാകാന്‍ രാത്രിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന സ്‌പൈക് മിസൈലുകള്‍ക്കു സാധിക്കുമെന്നാണു നിഗമനം. അടിയന്തര സാഹചര്യങ്ങളില്‍ മൂന്നു സൈനിക ഉപമേധാവികള്‍ക്ക് 500 കോടി രൂപ വരെ സ്വന്തംനിലയ്‌ക്ക് ഉപയോഗിക്കാനുള്ള സാമ്പത്തിക അധികാരം 2018 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇടപാട്.
















