ലണ്ടന്‍: യു.കെ. ഹൈക്കോടതിയില്‍ ഏഴു പതിറ്റാണ്ട് നീണ്ടുനിന്ന ഹൈദരാബാദ് നൈസാം കേസില്‍ പാക്കിസ്ഥാനു കനത്ത തിരിച്ചടി നല്‍കി ഇന്ത്യക്ക് ചരിത്ര വിജയം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബ്രിട്ടനിലെ ഹൈക്കോടതിയാണ് ഹൈദരാബാദ് നൈസാമിനും ഇന്ത്യയ്‌ക്കും അനുകൂലമായ വിധി പ്രസ്താവിച്ചത്. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താനെതിരെ വാദിച്ച ഹരീഷ് സാല്‍വെയാണ് ഈ കേസിലും യു.കെ.ഹൈക്കോടതിയില്‍ ഇന്ത്യയ്‌ക്കും നൈസാമിനും വേണ്ടി ഹാജരായത്.
ഇന്ത്യ വിഭജനത്തോടെയാണ് ഹൈദരാബാദ് നൈസാമും പാകിസ്താനും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടക്കം. വിഭജനകാലത്ത് ഇന്ത്യയിലോ പാകിസ്താനിലോ ലയിക്കാന്‍ താല്‍പര്യമില്ലാതിരുന്ന നൈസാമിന് ഹൈദരാബാദിനെ സ്വതന്ത്രമായി നിലനിര്‍ത്താനായിരുന്നു ആഗ്രഹം. പട്ടാള നടപടികളെ പേടിച്ച നൈസാം തന്റെ വിദേശധനകാര്യ മന്ത്രിയായിരുന്ന നവാബ് മോയിന്‍ നവാസ് ഝാങ് ലണ്ടനിലെ പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. അന്ന് ഒരു മില്യണ്‍ പൗണ്ടും ഒരു ഗിന്നിയുമാണ് പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലെത്തിയത്. സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പിച്ചതായിരുന്നു ഇത്. നിലവില്‍ 35 മില്യണ്‍ പൗണ്ട്(ഏകദേശം 306 കോടിയിലേറെ രൂപ) വരുന്ന നിക്ഷേപമാണ് ബ്രിട്ടീഷ് കോടതി വിധിയിലൂടെ നൈസാമിന്റെ പിന്‍ഗാമികള്‍ക്കും ഇന്ത്യയ്‌ക്കും ലഭിക്കുക.
എന്നാല്‍ 1948ല്‍ ഹൈദരാബാദ് ഇന്ത്യയില്‍ ലയിച്ചതോടെ ഈ പണം തിരികെ വേണമെന്ന് നൈസാമായിരുന്ന ഒസ്മാന്‍ അലി ഖാന്‍ ആവശ്യപ്പെട്ടു. തന്റെ അനുവാദമില്ലാതെയാണ് മന്ത്രി പണം കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, നൈസാം നിയമനടപടികളിലേക്ക് നീങ്ങിയെങ്ങിലും ബാങ്ക് നിക്ഷേപം തിരികെ നല്‍കാന്‍ പാക്കിസ്ഥാാന്‍ സമ്മതിച്ചില്ല. ഇതോടെ ഈ നിക്ഷേപം മരവിപ്പിക്കുകയും ചെയ്തു.
പണത്തിന് അവകാശവാദമുന്നയിച്ച് 2013ല്‍ പാകിസ്ഥാന്‍ രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും സജീവമായത്. നൈസാമിന്റെ പിന്‍ഗാമിയും എട്ടാമത്തെ ഹൈദരാബാദ് നൈസാമുമായ മുകര്‍റം ജായോടൊപ്പം ഇന്ത്യയും കേസില്‍ കക്ഷിചേരുകയായിരുന്നു. പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതിന്റെ പ്രതിഫലമാണ് ഈ പണമെന്ന് അവര്‍ വാദിച്ചെങ്ങിലും യു.കെ.കോടതി പൂര്‍ണമായും തള്ളുകയായിരുന്നു. പണം ഇന്ത്യയ്‌ക്കും നൈസാമിന്റെ പിന്‍ഗാമികള്‍ക്കും വീതിച്ചെടുക്കാമെന്നാണ് കോടതിയുടെ വിധി.
















