ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹാജരാക്കിയതിനെ തുടര്‍ന്ന് ദല്‍ഹി പ്രത്യേക കോടതിയാണ് വീണ്ടും നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.
കേസില്‍ സിബിഐ അറസ്റ്റിലായ ചിദംബരം സെപ്തംബര്‍ അഞ്ചു മുതല്‍ തീഹാര്‍ ജയിലിലാണ് കഴിയുന്നത്. ജാമ്യത്തില്‍ ഇറങ്ങാന്‍ അദ്ദേഹം പല തവണ ശ്രമിച്ചെങ്കിലും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലില്‍ അത് കോടതി തടയുകയായിരുന്നു.
അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, അതിനാല്‍ ജയിലില്‍ മരുന്നുകള്‍ക്കൊപ്പം വീട്ടില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാനും അനുമതി നല്‍കണമെന്ന് ചിദംബരം കോടതിയില്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വക്കീല്‍ വഴിയാണ് ചിദംബരം ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
ജയില്‍വാസം ആരംഭിച്ചതിനെ തുടര്‍ന്ന് ഭാരം നാല് കിലോ കുറഞ്ഞിട്ടുണ്ട്. അത് കണക്കിലെടുക്കണം. കൂടാതെ രണ്ടു ദിവസം കൂടുമ്പോള്‍ ചിദംബരത്തിന്റെ ആരോഗ്യം പരിശോധിക്കണമെന്നും വക്കീല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ദിവസത്തില്‍ രണ്ടു നേരം വീട്ടില്‍ നിന്നുള്ള ഭക്ഷണം ആകാമെന്ന് കോടതി ചിദംബരത്തിന് നിര്‍ദ്ദേശം നല്‍കി.















