ന്യൂദൽഹി: ദൽഹി-കത്ര പാതയിലെ അതിവേഗ തീവണ്ടി സർവീസായ വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിൻ ഓടിത്തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പീയുഷ് ഗോയൽ, ജിതേന്ദ്ര സിങ്, ഹർഷ് വർദ്ധൻ എന്നിവർ ചേർന്ന് ട്രെയിനിന് പച്ചക്കൊടി വീശി. വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ വരവോടെ ജമ്മു കശ്മീർ വികസനത്തിലേക്ക് കുതിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
അനുച്ഛേദം 370 എടുത്തുകളയുകയും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുകയും ചെയ്ത സർക്കാർ നടപടികളിലൂടെ കശ്മീർ മേഖല പുതിയ ചരിത്രം കുറിക്കുകയാണ്. അനുച്ഛേദം 370 രാജ്യത്തിന്റെ ഏകത്വത്തിനും കശ്മീരിന്റെ വികസനത്തിനും ഒരു പോലെ തടസമായിരുന്നു. ആർട്ടിക്കിൾ 370 ഇല്ലാതായതോടെ കശ്മീരിൽ നിന്നും ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനും ഭീകരവാദ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുവാനും സാധിക്കും.
അടുത്ത 10 വര്‍ഷത്തിനുള്ളിൽ ജമ്മു കശ്മീര്‍ രാജ്യത്തെ ഏറ്റവും വികസിതമായ പ്രദേശങ്ങളിലൊന്നായിരിക്കുമെന്നും ഈ വികസനത്തിന് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ വരവോടെ തുടക്കമായെന്നും അമിത് ഷാ പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസിന്‍റെ വരവ് പ്രദേശത്തിന്‍റെ വളര്‍ച്ചയെ സഹായിക്കുമെന്നും ഇവിടത്തെ തീര്‍ത്ഥാടന ടൂറിസം വര്‍ദ്ധിക്കുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
മൂന്ന് പതിറ്റാണ്ട് കാലത്തെ സഹനത്തിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനമാണ് വന്ദേഭാരത് എക്സ്പ്രസ് എന്നും ദൽഹി-കത്ര യാത്രാസമയം പുതിയ ട്രെയിനിന്‍റെ വരവോടെ എട്ടു മണിക്കൂറോളം കുറയുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദർ സിങ് പറഞ്ഞു.
രാവിലെ ആറുമണിയ്‌ക്ക് ന്യൂദൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 22439 നമ്പര്‍ ട്രെയിൻ വൈകിട്ട് രണ്ട് മണിയ്‌ക്കായിരിക്കും കത്രയിലെത്തിച്ചേരുക. യാത്രയ്‌ക്കിടയിൽ അംബാല കന്‍റോൺമെന്‍റ്, ലുഥിയാന, ജമ്മു താവി എന്നിവിടങ്ങളിൽ രണ്ട് മിനിട്ട് വീതം ട്രെയിൻ നിർത്തും. ഇതേ ദിവസം തന്നെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്‌ക്ക് തിരിച്ചു വരുന്ന 22440 നമ്പര്‍ തീവണ്ടി രാത്രി 11 മണിയ്‌ക്കായിരിക്കും ന്യൂദൽഹി റെയിൽവേ സ്റ്റേഷനിലെത്തുക. ചൊവ്വ ഒഴികെയുള്ള എല്ലാ ദിവസവും ട്രെയിൻ സര്‍വീസ് നടത്തും.















