ന്യൂദൽഹി: ശക്തിയേറിയ ആയുധങ്ങളുമായി നാല് ജയ്ഷെ മുഹമ്മദ് ഭീകരർ ദൽഹിയിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇതേത്തുടർന്ന് ദൽഹിയിൽ സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാഭീഷണിയെ തുടർന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ പ്രത്യേക ഉന്നതതലയോഗം വിളിച്ചു ചേർത്തു. ഞങ്ങൾ ജാഗരൂകരാണെന്നും ഭീകരാക്രമണങ്ങൾ നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ദൽഹി ഡപ്യൂട്ടി പോലീസ് കമ്മിഷണർ അറിയിച്ചു. എട്ടു മുതൽ പത്തുവരെ അടങ്ങുന്ന ഭീകര സംഘം വ്യോമകേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിവരമാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരിക്കുന്നത്.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാഉപദേഷ്ടാവ് എന്നിവർക്ക് നേരെ പാക് ഭീകരർ ആക്രമണം നടത്താൻ തയാറെടുക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ മുപ്പത് പ്രധാന നഗരങ്ങൾക്കും വ്യോമസേനയ്‌ക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
















