ദുബായ് : യുഎഇയില്‍ സ്വദേശി വത്കരണം ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു. പ്രാരംഭ നടപടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി നാസിര്‍ ബിന്‍ ഥാനി അല്‍ഹാമിലി അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം. സ്വദേശി നിയമം കാര്യക്ഷമമായി നടപ്പാക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളുടെ വിസ അപേക്ഷകള്‍ക്കുള്ള നിരക്കില്‍ ഇളവുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനു ഗതിവേഗം വരുത്തുന്നതാണ് സ്വദേശിവത്കരണം.
നാലു പ്രധാന ഘടകങ്ങളില്‍ ഊന്നിയാണ് സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കുക. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്ന പദ്ധതികളാണ് ഇതില്‍ പ്രധാനം. സ്വദേശി യുവതീ യുവാക്കളെ തൊഴില്‍ മേഖലയില്‍ നിയമിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യും. ഇതിനായി അവരുടെ വൈദഗ്ധ്യവും നൈപുണ്യവും വര്‍ധിപ്പിക്കും. ദേശീയ തലത്തില്‍ സ്വദേശികളെ സജ്ജമാക്കുന്നതോടെ പുതിയ സാമ്പത്തിക മുന്നേത്തിനാണു കരുത്താവുക.
മന്ത്രിസഭ പ്രഖ്യാപിച്ച പത്ത് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് നവംബര്‍ മുതല്‍ സ്വദേശിവത്‌രണം നടപ്പിലാക്കും. ഫെഡറല്‍, പ്രാദേശിക, സ്വകാര്യ മേഖലകള്‍ സംയുക്തമായാണ് സ്വദേശിവത്കരണം ലക്ഷ്യത്തിലെത്തിക്കാനുള്ള ബഹുമുഖ പദ്ധതികള്‍ക്ക് രൂപം നല്‍കുക. സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമിക്കേണ്ടവരെ കണ്ടെത്താനായി ഒരു വര്‍ഷം സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. ഇതില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും പതിനായിരം ദിര്‍ഹമില്‍ കുറയാത്ത തുക അലവന്‍സ് നല്‍കാനും തീരുമാനിച്ചു.
അതേസമയം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സേവന തസ്തികകളിലെ സ്വദേശി നിയമനം പ്രതിവര്‍ഷം പത്ത് ശതമാനമെങ്കിലും ഉയര്‍ത്തണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു. അഡ്മിനിസ്‌ട്രേഷന്‍, സൂപ്പര്‍വൈസിങ് തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും വേണം. ഫെഡറല്‍ സര്‍ക്കാര്‍ മാനവ വിഭവശേഷി അതോറിട്ടിയും സ്വദേശിവത്കരണ മന്ത്രാലയവുമാണ് ഈ നിയമനങ്ങള്‍ ഏകീകരിക്കുന്നതെന്നും അല്‍ഹാമിലി അറിയിച്ചു.
















