ന്യൂദല്‍ഹി: ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുജ്ജീവനം സാധ്യമാകുമോ എന്നന്വേഷിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ഈ കമ്പനികളുടെ പുനരുജ്ജീവന പാക്കേജ് സംബന്ധിച്ചു കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്രയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നെങ്കിലും കൃത്യമായ ഒരു തീരുമാനമുണ്ടായില്ല. എന്നാല്‍ ഇരുകമ്പനികളുടേയും പുനരുജ്ജീവനം പ്രയാസകരമാണെന്ന് ധനമന്ത്രാലയം അറിയിച്ചിരുന്നു. തൊഴിലാളി യൂണിയനുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ വീണ്ടും ഇടപെട്ടിരിക്കുന്നത്.
കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയം പുനരുജ്ജീവന പാക്കേജ് നേരത്തേ സമര്‍പ്പിച്ചിരുന്നതാണ്. കേന്ദ്രമന്ത്രി അമിത് ഷാ ധനമന്ത്രി നിര്‍മല സീതാരാമന്‍, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുള്‍പ്പെടുന്ന സമിതി ചേര്‍ന്നായിരുന്നു ഇതിനു അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതിയെ സംബന്ധിച്ച് 80ലധികം പ്രതികൂല ഘടകങ്ങള്‍ ധനമന്ത്രാലയം ചൂണ്ടിക്കാട്ടുകയായിരുന്നു.
കമ്പനികളുടെ പുനരുജ്ജീവനം സാധ്യമാണോ, സാധ്യമെങ്കില്‍ എങ്ങനെ എന്നീ കാര്യങ്ങളില്‍ ഈ ആയാഴ്ച തന്നെ ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നാണു സൂചന. ടെലികോം മന്ത്രാലയം സെക്രട്ടറി അന്‍ഷു പ്രകാശ്, പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, നിതി ആയോഗ് പ്രതിനിധി, ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി കഴിഞ്ഞ ദിവസം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.
















