കോട്ട: ഭര്‍ത്താവ് മകന് നല്‍കിയ ക്യാരംസ് ബോര്‍ഡ് സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയെ മുത്തലാഖ് ചൊല്ലി. രാജസ്ഥാന്‍ ബരാം ജില്ലയിലാണ് സംഭവം നടന്നത്. 24 കാരിയായ ഷബറുന്നിസ എന്ന യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ഷാക്കില്‍ അഹമ്മദിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗാര്‍ഹിക പീഡനം സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലാണ് ഷബറുന്നിസ ഇപ്പോള്‍ താമസിക്കുന്നത്. വിചാരണയ്‌ക്കായി കോടതിയില്‍ എത്തിയപ്പോഴാണ് മൊഴിചൊല്ലിയതായി ആരോപിക്കുന്നത്. വിചാരണ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഷബറുന്നിസയെ തടഞ്ഞു നിര്‍ത്തി ഒപ്പമുള്ള മകനു നല്‍കാനായി ഒരു ക്യാരംസ് ബോര്‍ഡ് ഷാക്കില്‍ കൊടുത്തു.
എന്നാല്‍ അത് വാങ്ങാന്‍ ഷബറുന്നിസ തയാറായില്ല. ക്ഷുഭിതനായ ഷാക്കില്‍ മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 മാര്യേജ് ആക്ട് പ്രകാരം മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തി ഷാക്കിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നു പോലീസ് അറിയിച്ചു. എന്നാല്‍ അയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് 2019 ജൂലൈയില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. അതിനു ശേഷം രാജസ്ഥാനിലെ കോട്ടയില്‍ രജിസ്റ്റര്‍ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്. മൂന്നു കേസുകള്‍ കോട്ട നഗരത്തിലും രണ്ടെണ്ണം ഝലാവാറിലെ സുനെല്‍ പോലീസ് സ്റ്റേഷനിലുമാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
















