കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്‌ക്കുള്ള തീം സോങ്ങിന്റെ വരികള്‍ ഇത്തവണയും എഴുതിയത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാട്ട് പാടിയത് പ്രശസ്ത ഗായിക ശ്രേയ ഘോഷാലും. തന്റെ മന്ത്രിസഭയിലെ അംഗമായ മന്ത്രി അരൂപ് ബിശ്വാസ് സംഘടിപ്പിക്കുന്ന ദുര്‍ഗ പൂജയുടെ തീം സോങ്ങിന്റെ വരികളാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എഴുതിയത്. സുരുചി സംഘ ദുര്‍ഗ പൂജയുടെ തീം സോങ്ങായ ‘ഉത്സവി’ന് സംഗീതം നല്‍കിയത് ജീത് ഗാംഗുലിയാണ്. ഗാനം സെപ്റ്റംബര്‍ 27 ന് റിലീസ് ചെയ്യുകയും ചൊവ്വാഴ്ച യൂട്യൂബില്‍ പോസ്റ്റുകയും ചെയ്തിട്ടുണ്ട്. മമത ദീദി, എല്ലാവരേയും സൗഹാര്‍ദ്ദ ഉത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഉത്സവം എല്ലാവര്‍ക്കുമുള്ളതാണെന്നും ഗാംഗുലി പറഞ്ഞു.
നടന്മാരായ നുസ്രത്ത് ജഹാനും പരംബ്രത ചാദ്ധോപാധ്യായയുമാണ് അഭിനേതാക്കള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി സുരുചി സംഘത്തിന്റെ തീം സോംഗ് മമത രചിക്കുന്നുണ്ട്. എന്നാല്‍, ഇത്തവണ ബംഗാളില്‍ ദുര്‍ഗാപൂജ സംബന്ധിച്ച വന്‍വിവാദം ഉടലെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ പൊതുറാലിയില്‍ ബംഗാളിലെന്നും ദുര്‍ഗാപൂജ നടക്കുമെന്നും ആരാണ് തടയുന്നതെന്ന് കാണട്ടെയെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ദുര്‍ഗാപൂജ നടത്തുന്നത് മമത സര്‍ക്കാര്‍ വിലക്കിയിരുന്നു. ഒക്ടോബര്‍ 11 ന് വിജയദശമിയും തൊട്ടടുത്ത ദിവസം മുഹറവും വരുന്നതിനാല്‍ സാമുദായിക ലഹളയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗാപൂജ ആഘോഷം ഭീര്‍ഭൂമില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും നിരോധിച്ചത്. പിന്നീട് മമത സര്‍ക്കാരിന്റെ തീരുമാനം ബംഗാള്‍ ഹൈക്കോടതി റദ്ദാക്കി . സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നും ഇരു സമുദായങ്ങള്‍ക്കും ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു . ഒരു സമൂഹത്തിന്റെ ആഘോഷത്തെ മാത്രം നിരോധിക്കുമ്പോഴാണ് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇത്തവണയും ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ നീക്കം നടക്കുന്നു എന്നറിഞ്ഞതോടെയാണു ഇതിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തിയത്.
















