ലഖ്‌നൗ: കോണ്‍ഗ്രസ് നിലപാടിനെ വീണ്ടും പരസ്യമായി തള്ളി റായ്ബറേലി എംഎല്‍എ അദിതി സിങ്. കോണ്‍ഗ്രസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത യോഗി സര്‍ക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ പരിപാടിയില്‍ പൂര്‍ണ്ണമായും പങ്കെടുത്തുകൊണ്ടാണ് അദിതി പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുന്നത്. യു.പി സര്‍ക്കാര്‍ പ്രത്യേക നിയസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് നടത്തിയ ഗാന്ധി ജന്മദിന പരിപാടിയിലാണ് അദിതി പങ്കെടുത്തത്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു.
അതേസമയം പ്രിയങ്കയുടെ നേതൃത്വത്തില്‍ ലഖ്‌നൗവില്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ അദിതി പങ്കെടുത്തില്ല. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി. റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനൊപ്പവും രണ്ടെണ്ണം ബി.ജെ.പിക്കൊപ്പവും ഒരെണ്ണം സമാജ്‌വാദി പാര്‍ട്ടിക്കൊപ്പവുമാണുള്ളത്.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് തന്റെ മണ്ഡലത്തിലെ കുടിവെള്ള, ശുചിത്വ പ്രശ്‌നങ്ങള്‍ അദിതി ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് ഇത് നല്ലൊരവസരമായി കണ്ടുവെന്ന് ന്യൂസ്18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെ അവര്‍ പ്രതികരിച്ചു. വികസനം കൊണ്ടുവരാനാണ് ജനങ്ങള്‍ വോട്ട് ചെയ്ത് എന്നെ തിരഞ്ഞെടുത്തത്. പാര്‍ട്ടി എടുക്കുന്ന തീരുമാനം അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. അതേ സമയം എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തുവെന്നും അദിതി പറഞ്ഞു.
ജമ്മുകശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും അവര്‍ നേരത്തെ പിന്തുണച്ചിരുന്നു. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000ത്തോളം വോട്ടുകള്‍ക്കാണ് അദിതി ജയിച്ചത്. യു.പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എമാരില്‍ ഒരാളാണ് 31കാരിയായ അദിതി. നെഹ്‌റു കുടുംബത്തോടെ ഏറ്റവും അടുപ്പമുള്ള എം.എല്‍.എയായിരുന്നു അദിതി സിങ്. എന്നാല്‍, പ്രിയങ്ക വദ്ര യു.പിയുടെ ചുമതല ഏറ്റെടുത്തതോടെ ഇവര്‍ നേതൃത്വവുമായി ഇടയുകയായിരുന്നു.
















