ന്യൂദല്‍ഹി: ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹിന്ദു രാഷ്‌ട്രമാണെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ ഒരു പ്രത്യയശാസ്ത്രത്തിലേക്കും ബന്ധിപ്പിക്കാനാവില്ല. എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്നുന്ന ഹിന്ദു സംസ്‌കാരമാണ് ആര്‍.എസ്.എസിന്റേത്. സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് എം.എസ്. ഗോള്‍വല്‍ക്കര്‍ എഴുതിയ പുസ്തകം ഉള്‍പ്പെടെ ഒരു പുസ്തകത്തെയും ആര്‍എസ്എസിനെ പൂര്‍ണ്ണമായും പ്രതിനിധീകരിക്കാന്‍ കഴിയില്ല. ദല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഭാരതം ഹിന്ദു രാഷ്‌ട്രമാണ്. അതാണ് സംഘത്തിന്റെ അടിത്തറ. അതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴചയുമില്ല. മറ്റൊരു പ്രത്യയശാസ്ത്രവുമായി സംഘത്തിനെ ബന്ധപെടുത്താനും കഴിയില്ല. ഭഗവാന്‍ ഹനുമാന്‍, ഛത്രപതി ശിവാജി, ഹെഡ്‌ഗെവര്‍ എന്നിവരാണ് ഞങ്ങളുടെ മാതൃകകള്‍ എന്നു പറഞ്ഞുകൊണ്ട് ചില ആളുകള്‍ വ്യത്യസ്ത മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. രാഷ്‌ട്രിയ സ്വയംസേവക സംഘത്തെ ഒരു പ്രത്യയശാസ്ത്രത്തിലേക്ക് ഒത്തുക്കിനിര്‍ത്താനാവില്ല. അത് ഒരു സംസ്‌കാരമാണ്. ആര്‍എസ്എസിന്റെ അടിസ്ഥാന തത്വം വ്യക്തി നിര്‍മാണത്തിലൂടെ സാമൂഹ്യപുരോഗതി എന്നതാണ്. സമൂഹം മുഴുവന്‍ സംഘടിതമാകണമെന്നാണ് സംഘ് ആഗ്രഹിക്കുന്നത്. അതാണ് ആര്‍എസ്എസ് സമൂഹത്തില്‍ വരുത്തുന്ന മാറ്റമെന്നും സര്‍സംഘചാലക് പറഞ്ഞു.
















