ശാസ്താംകോട്ട: പോരുവഴി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തില്‍ ഇരുപത്തെട്ടാം ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഉത്സവത്തിന് ഗാനമേള നടത്തരുതെന്ന് വീണ്ടും ശൂരനാട് പോലീസ്. ഗാനമേള നടത്തരുതെന്ന പോലീസ് ഉത്തരവ് നേരത്തേ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം മരവിപ്പിച്ചെങ്കിലും വീണ്ടും പോലീസ് ഇടപെട്ട് ഗാനമേള നടത്തരുതെന്ന കര്‍ശന ഉത്തരവ് നല്‍കുകയായിരുന്നു. ഗാനമേള നടത്തിയാല്‍ ജാമ്യമില്ല വകുപ്പ പ്രകാരം ക്ഷേത്രഭാരവാഹികള്‍ക്ക് എതിരേ കേസെടുക്കമെന്നാണ് ഭീഷണി. ഇതേത്തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയാണ്. ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഗാനമേള വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്നാണു ശൂരനാട് പോലീസിന്റെ വാദം.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചക്കുവള്ളി ക്ഷേത്രഭൂമിയിലെ അനധികൃത കയ്യേറ്റക്കാരെ മാസങ്ങള്‍ക്ക് മുമ്പ് ഒഴിപ്പിച്ചിരുന്നു. അന്ന് കയ്യേറ്റക്കാര്‍ക്ക് ഒപ്പം നിന്നത് സിപിഎം നേതൃത്വവും പോപ്പുലര്‍ ഫ്രണ്ടുമായിരുന്നു. കോടതി ഉത്തരവുമായി കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്വന്ന റവന്യു, പോലീസ് സംഘത്തെ പല തവണ സിപിഎം-പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘം വിരട്ടി പിന്തിരിപ്പിച്ചിരുന്നു. ഒടുവില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളെ ഏകോപിപ്പിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യക്ഷസമരവുമായി രംഗത്തു വന്നതോടെയാണ് കയ്യേറ്റക്കാരും പിന്തുണച്ചവരും പത്തി മടക്കിയതും കയ്യേറ്റക്കാരെ പൂര്‍ണമായും ഒഴിപ്പിച്ച് ദേവസ്വം ബോര്‍ഡ് മതിലുകെട്ടിയതും. ഇതാണ് ക്ഷേത്രത്തില്‍ ഗാനമേള നടത്തിയാല്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന ശൂരനാട് പോലീസിന്റെ വിചിത്രകണ്ടെത്തലിനാധാരം.
ശൂരനാട് പോലീസിന്റെ ഈ നിലപാട് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കലാപരിപാടി നടത്താനുള്ള അധികാരം ക്ഷേത്ര ഉപദേശകസമിതിക്കും ദേവസ്വം ബോര്ഡിനുമാണന്ന നിലപാടില്‍ ക്ഷേത്രം ഭാരവാഹികള്‍ ഉറച്ചുനിന്നു. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസ് ഉത്സവത്തിനെതിരെ രംഗത്തുവന്നതെന്ന് ആരോപണമുണ്ടായി. അടുത്തിടെ ദേവസ്വംഭൂമിയില്‍ സിപിഎം സമ്മേളനം നടത്തിയിരുന്നു. അന്ന് ക്ഷേത്രത്തിലെ ഭാഗവതപാരായണത്തിന് ഉപയോഗിച്ച ഉച്ചഭാഷണി പാര്ട്ടിക്കാര് ഇടപെട്ട് നിര്ത്തിച്ചതിനെതിനെതിരെ ഭക്തര്‍ പ്രതിഷേധിച്ചത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാക്കി. ഇതൊക്കെയാണ് ഉത്സവത്തിന് ഗാനമേള നടത്തിയാല്‍ സംഘര്‍ഷസാധ്യതയായി ശൂരനാട് പോലീസ് വിലയിരുത്തിയത്.
















