കൊല്‍ക്കത്ത: ആരൊക്കെ എതിര്‍ത്താലും പശ്ചിമ ബംഗാളിലും ദേശീയ പൗരത്വം രജിസ്റ്റര്‍ നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശില്‍ നിന്നടക്കമുള്ള നുഴഞ്ഞുകയറ്റക്കാരെ തൂക്കി പുറത്തെറിയുമെന്നും അദ്ദേഹം. കൊല്‍ക്കത്തില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിനെ ആരാണ് തടയുന്നത് കാണട്ടെ. ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ആര്‍ക്കും ബംഗാള്‍ വിടേണ്ടി വരില്ല. എന്നാല്‍, അനധികൃത നുഴഞ്ഞുകയറ്റക്കാരെ വച്ചുപൊറുപ്പിക്കില്ല. തന്റെ വോട്ടര്‍ അടിത്തറ വിപുലീകരിക്കാന്‍ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് നിലനിര്‍ത്താനാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രമം. സിപിഎം ഭരിച്ചിരുന്നപ്പോള്‍ അവരുടെ വോട്ട് ബാങ്ക് നുഴഞ്ഞുകയറ്റക്കാര്‍ ആയതിനാല്‍ അന്നു അവരെ പുറത്താക്കണമെന്ന് ശക്തിയുക്തം വാദിച്ച ആളാണ് മമത. ഇപ്പോള്‍ അവരുടെ വോട്ട് ബാങ്ക് ആയി മാറിയപ്പോള്‍ അവരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. തൃണമൂല്‍ നേതാവിനു തന്റെ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനാകും പ്രഥമസ്ഥാനം എന്നാല്‍ ബിജെപിക്ക് അങ്ങനെ അല്ല. ”ഏതെങ്കിലും പാര്‍ട്ടിയുടെ താല്‍പ്പര്യത്തെക്കാള്‍ വലുതാണ് ഞങ്ങള്‍ക്ക്ദേശീയ താല്‍പ്പര്യം. ഒരു നുഴഞ്ഞുകയറ്റക്കാരനെ താമസിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഒരു അഭയാര്‍ഥിക്ക് പോലും പോകേണ്ടതില്ലഇതാണ് ബിജെപിയുടെ വാഗ്ദാനം, മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019 ലെ തെരഞ്ഞെടുപ്പ് വിധിയിലൂടെ പൗരത്വ രിജസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നതിന് ജനങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്.
ബംഗാളില്‍ ദുര്‍ഗാപൂജയും സരസ്വതി പൂജയും തടസപ്പെടുത്താമെന്ന് ആരും കരുതേണ്ട. മോദിയുടെ നേതൃത്വത്തില്‍ ഉള്ള ബിജെപി സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നതെന്ന് ഓര്‍ക്കണം. പൂജ തടസപ്പെടുത്താന്‍ ധൈര്യമുള്ളവര്‍ അതു ചെയ്തു കാണിക്കട്ടെ എന്നും അമിത് ഷാ. സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവമായ ദുര്‍ഗ പൂജയ്‌ക്കായി തെരുവുകളില്‍ പന്തലുകള്‍ തുറക്കുക തന്നെ ചെയ്യും. ബിജെപിക്ക് 18 സീറ്റുകള്‍ നല്‍കിയാണ് ബംഗാളിലെ ജനങ്ങള്‍ മാറ്റത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ.
















