വാഷിംഗ്ടണ്‍: ഹൗഡി മോഡി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ വളച്ചൊടിക്കുന്ന മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്ജ.യശങ്കര്‍. അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരകനാകുകയാണ് മോദിയെന്ന വിമര്‍ശനത്തെയും ജയശങ്കര്‍ എതിര്‍ത്തു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല പ്രധാനമന്ത്രി അങ്ങനെ പറഞ്ഞത്. കഴിഞ്ഞ കാലത്തെ സംഭവ വികാസങ്ങളെ ഉദ്ദേശിച്ചാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നും ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയുടെ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ നിഷ്പക്ഷതയാണ് ഇന്ത്യയുടെ നയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങളെ വളച്ചൊടിക്കരുത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവരുടെ അഭ്യന്തര വിഷയമാണെന്നും ജയശങ്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
















