ന്യൂദല്‍ഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരന്ദ്രമോദിയുടെ മന്‍ കീ ബാത്തില്‍ നിര്‍ദ്ദേശം നല്‍കിയത് നടപ്പിലാക്കി ബിജെപി യോഗം. പ്ലാസ്റ്റിക് ഉപയോഗം നിര്‍മാര്‍ജ്ജനവും പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തൊട്ടടുത്ത യോഗത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ബിജെപി. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ഗ്ലാസ് ജാറുകളിലാണ് ഇത്തവണ കുടിവെള്ളം വിതരണം ചെയ്തത്. നേരത്തെ പാര്‍ട്ടിയുടെ ആസ്ഥാനത്ത് സമ്മേളനങ്ങള്‍ക്കിടെ നേതാക്കള്‍ക്ക് പ്ലാസ്റ്റിക് കുപ്പിയിലാണ് കുടിവെള്ളം നല്‍കിയിരുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മാറ്റം പ്രകടമായത്. മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മദിന വാര്‍ഷിക വേളയില്‍ ഇത് നടപ്പിലാക്കണമെന്നായിരുന്നു മോദി മന്‍ കി ബാത്തിലൂടെ ആവശ്യപ്പെട്ടത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലും തന്റെ സര്‍ക്കാരിന്റെ ഈ തീരുമാനം മോദി അറിയിച്ചിരുന്നു.
















