ന്യൂദല്‍ഹി : കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണത്തിന് അനുമതി. നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് അനുമതി നല്‍കിയത്. ചെന്നൈയ്‌ക്കു പുറത്ത് 3.18 കോടി രൂപയ്‌ക്ക് അനധികൃതമായി രണ്ട് ഫ്ളാറ്റുകള്‍ വാങ്ങിയതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 1.61 കോടി രൂപ എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്നും വായ്‌പ്പയായും ബാക്കി തുക കൈക്കൂലി വാങ്ങിയതാണെന്നും ഐബി ഉന്നയിക്കുന്നുണ്ട്. ഈ പണം വിവിധ ഫണ്ടുകള്‍ വഴി ജൂണ്‍, ജൂലൈ മാസങ്ങളിലാണ് താഹില്‍ രമണി ഫഌറ്റുടമയ്‌ക്ക് പണം നല്‍കിയത്.
അന്വേഷണത്തിന്റെ ഭാഗമായി താഹില്‍ രമണിയുടെ പേരിലുള്ള ആറ് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവുമായുള്ള ജോയിന്റ് അക്കൗണ്ട്, അമ്മയുമായി ചേര്‍ന്നുള്ള അക്കൗണ്ട്, സാലറി അക്കൗണ്ട്, മകന്റെ അക്കൗണ്ട്. ഇതില്‍ നിന്നാണ് 1.61 കോടി രൂപ മൂംബൈയിലെ അക്കൗണ്ടിലേക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2018ല്‍ വിഗ്രഹ മോഷണവുമായി ബന്ധപ്പട്ട് ജസ്റ്റിസ് മഹാദേവന്റെ കീഴില്‍ രൂപീകരിച്ച ബെഞ്ച് ഒരു കാരണവുമില്ലാതെ താഹില്‍ രമണി പിരിച്ചുവിട്ടിരുന്നു. ജസ്റ്റിസ് മഹാദേവന്‍ അധ്യക്ഷനായ ബെഞ്ച് വിഗ്രഹമോഷണക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ ഒരു മന്ത്രി ഉള്‍പ്പെട്ടിരുന്നതായും ഇയാളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടിയെന്നും ആരോപണമുണ്ട്. അടുത്തിടെ താഹില്‍ രമണി ഔദ്യോഗിക പദവിയില്‍ നിന്നും രാജിവെച്ചിരുന്നു.
















