ന്യൂദല്‍ഹി : കശ്മീരിനെ കുറിച്ച് പ്രതിപക്ഷം വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ എവിടെയാണ് നിയന്ത്രണങ്ങള്‍ ഉള്ളത്. എല്ലാം നിങ്ങളുടെ മനസ്സിലാണ്. അവിടെ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം അറിയിച്ചു.
കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയാനുള്ള തീരുമാനത്തെ ലോകരാഷ്‌ട്രങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വിഷയമാണിതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രതിപക്ഷം വ്യാജ പ്രചാരങ്ങള്‍ തൊടുത്തുവിടുകയാണ്.
കശ്മീരില്‍ ആര്‍ക്കും എവിടേയ്‌ക്കും സന്ദര്‍ശിക്കാം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകര്‍ കശ്മീര്‍ സന്ദര്‍ശിച്ച് മടങ്ങുന്നുണ്ട്. സംസ്ഥാനത്തെ 196 പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരോധനാജ്ഞ ഇതുവരെ പിന്‍വലിച്ചിട്ടുണ്ട്. അക്രമമുണ്ടായേക്കാമെന്ന് മുന്നറിയിപ്പുള്ള ഒമ്പത് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലവിലുള്ളത്. ഇവിടെ മാത്രമാണ് വലിയ പ്രകടനങ്ങള്‍ നടത്തുന്നതിന് അനുമതി നിഷേധിച്ചിട്ടുള്ളതെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
അതേസമയം ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നീക്കത്തെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ കശ്മീര്‍ പ്രശ്‌നം പല തവണ പാക്കിസ്ഥാന്‍ പല അന്താരാഷ്‌ട്ര വേദികളിലും ഉന്നയിച്ചെങ്കിലും പല ലോകനേതാക്കളും അനുകൂലപ്രതികരണം നടത്തിയില്ല.
370-ാം വകുപ്പ് എടുത്തുകളഞ്ഞത് ഇന്ത്യയുടെ ഐക്യത്തിന് സഹായിക്കുമെന്ന് പറഞ്ഞ ഷാ, കശ്മീരിലെ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
















