ന്യൂദല്‍ഹി : ലോകത്തിലെ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍. ഒക്ടോബര്‍ 24 ന് ലോക ബാങ്ക് പുറത്തിറക്കാനിരിക്കുന്ന വ്യവസായം എളുപ്പമാക്കുന്നതില്‍ മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഇടംപിടിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വ്യവസായം ആരംഭിക്കുന്നതിനും, പാപ്പരത്തം പരിഹരിക്കല്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളില്‍ അടുത്തകാലത്ത് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക ബാങ്കിന്റെ പട്ടികയില്‍ രാജ്യവും സ്ഥാനം പിടിച്ചത്. 2017 ല്‍ ലോക ബാങ്ക് ഇറക്കിയ പട്ടികയില്‍ 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 199 രാജ്യങ്ങളുടെ പട്ടികയാണ് അന്ന് ലോക ബാങ്ക് പ്രസിദ്ധീകരിച്ചത്. 2018 ല്‍ 77 സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറിയിരുന്നു.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കവെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനു യുഎസിനെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
















