തൃക്കരിപ്പൂര്‍ : കാസര്‍ഗോഡു നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകര സംഘടനയില്‍ ചേര്‍ന്ന എട്ടു പേര്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) സ്ഥിരീകരണം. യുഎസ് വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, ഭാര്യ അജ്മല, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മര്‍വാന്‍, ഇളമ്പച്ചി സ്വദേളി മുഹമ്മദ് മന്‍സാദ്, പാലക്കാട് സ്വദേശികളായ ഷിബി, ബെസ്റ്റിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എന്‍ഐഎ ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു മരണമെന്നാണ് എന്‍ഐഎ കേരള പോലീസിനെ അറിയിച്ചത്. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുള്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവരെല്ലാം. അബ്ദുള്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായത്.
ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതില്‍ ഉള്‍പ്പെട്ടതാണ് ഈ മരിച്ചവരെല്ലാം. അതേസമയം അബ്ദുള്‍ റാഷിദ് രണ്ട് മാസം മുന്‍പ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചെങ്കിലും എന്‍ഐഎ സ്ഥിരീകരിച്ച ഈ പട്ടികയില്‍ ഇല്ല. 2016 ജൂണ്‍ മുതലാണ് ഐഎസില്‍ ചേരാനായി ഈ സംഘം രാജ്യം വിടുന്നത്.
















