ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗത്തിനു കുതിപ്പേകാന്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യ സമ്പദ്വ്യവസ്ഥയില്‍ നേരിയ മാന്ദ്യം നേരിടുന്ന ഒരു സമയത്താണു ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ വളര്‍ച്ചാ സാധ്യത കണക്കിലെടുത്ത് പെട്രോകെമിക്കല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഖനനം തുടങ്ങിയ മേഖലകളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. സൗദി ഭരണാധികരാകളുമായി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുകയും വ്യവസായ പങ്കാളിത്തത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു.
എണ്ണ, വാതകം, ഖനനം തുടങ്ങിയ പ്രധാന മേഖലകളില്‍ ഇന്ത്യയുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തില്‍ അറബ് രാഷ്‌ട്രം ശ്രദ്ധിക്കുന്നുണ്ടെന്ന് സൗദി അംബാസഡര്‍ ഡോ. സയിദ് ബിന്‍ മുഹമ്മദ് അല്‍ സാദി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ വളരെ അധികം നിക്ഷേപ സൗഹൃദരാജ്യമായി മാറി. ഊര്‍ജ്ജം, ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യ വികസനം, കൃഷി, ധാതുക്കള്‍, ഖനനം എന്നീ മേഖലകളിലാണു പ്രധാനമായും 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നുത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഭീമനായ അരാംകോയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള പങ്കാളിത്തത്തിന്റെ തുടക്കത്തിലാണ് പുതിയ പ്രഖ്യാപനം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ബന്ധത്തില്‍ നിര്‍ണായകവുമാണ്. സൗദി അരാംകോയുടെ ഊ ര്‍ജ്ജമേഖലയില്‍ 44 ബില്യണ്‍ ഡോളര്‍ വെസ്റ്റ് കോസ്റ്റ് റിഫൈനറി, മഹാരാഷ്‌ട്രയിലെ പെട്രോകെമിക്കല്‍ പ്രോജക്റ്റ്, റിലയന്‍സുമായുള്ള ദീര്‍ഘകാല പങ്കാളിത്തം എന്നിവയിലാണെന്നും അംബാസഡര്‍.
















