ന്യൂദല്‍ഹി: 2016 ല്‍ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരവാദി ക്യാമ്പുകളിലെക്ക് സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ മൂന്നാം വാര്‍ഷികത്തില്‍ സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്‍ പര്യടണത്തിനു ശേഷം ശനിയാഴ്ച വൈകുന്നേരം ന്യൂദല്‍ഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയ ആയിരങ്ങളെ അഭിസംബോദ്ധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ സ്വീകരിക്കാന്‍ വന്നതിനും ആഗോളതലത്തില്‍ രാജ്യത്തിന്റെ സദ്ഗുണങ്ങളെ പ്രകീര്‍ത്തിക്കാന്‍ അവസരം നല്‍കിയതിനും പ്രധാനമന്ത്രി മോദി ജനങ്ങളോട് നന്ദി പറഞ്ഞു. 2014 തിരഞ്ഞെടുപ്പിലെ വിജയിച്ചതിന് ശേഷം ഐക്യരാഷ്‌ട്രസഭയിലേക്ക് പോയിട്ടുണ്ടെങ്ങിലും, ഇത്തവണ ഇന്ത്യയോടുള്ള അവരുടെ മനോഭാവത്തില്‍ വലിയ മാറ്റം വന്നിട്ടുളളതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയോടുള്ള അവരുടെ ബഹുമാനത്തിന്റെ എല്ലാ അംഗീകാരവും 130 കോടി ഭാരതീയര്‍ക്കുള്ളതാണെന്നും മോദി പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പുള്ള സെപ്റ്റംബര്‍ 28 രാത്രി ഞാന്‍ ഉറങ്ങിരുന്നില്ല. രാത്രി മുഴുവന്‍ ഞാന്‍ ഉണര്‍ന്നിരുന്നു. ഓരോ നിമിഷവും ടെലിഫോണ്‍ എപ്പോള്‍ മുഴങ്ങുമെന്ന് ഞാന്‍ കാത്തിരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പുള്ള ഒരു സെപ്റ്റംബര്‍ 28 രാത്രിയിലാണ് നമ്മുടെ രാജ്യത്തെ ധീര സൈനികര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഇന്ത്യയുടെ അഭിമാനം വര്‍ദ്ധിപ്പിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ഓര്‍മകള്‍ പങ്കുവച്ച് നരേന്ദ്ര മോദി. 19 സൈനികരെ വധിച്ച ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായണ് 2016 സെപ്റ്റംബറില്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.
ഇന്നലെ ദല്‍ഹി വിമാനതാവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത് ആയിരങ്ങളാണ്. ദേശ ഭക്തി ഗീതങ്ങളും നൃത്തങ്ങളും വിജയഭേരികളും മുഴക്കിയാണ് അദ്ദേഹത്തെ ജനാരവം വരവേറ്റത്. പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പ്രത്യേകത ഞായറാഴ്ച ഹ്യൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’ പരിപാടി ആയിരുന്നു. വ്യാപാരം, വികസനം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീരുമാനിച്ചു. കാലാവസ്ഥാ വ്യതിയാനം, വികസനം, ഭീകരവാദം തുടങ്ങി നിരവധി വിഷയങ്ങളില്‍ യുഎന്‍ജിഎയില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി മോദി 17 മിനിറ്റ് പ്രസംഗിച്ചു.
ഞാന്‍ ലോകത്തിലെവിടെ പോയാലും ആരെയോക്കെ കണ്ടുമുട്ടിയാലും അവരിലെല്ലാം ഇന്ത്യയോടുളള വലിയ ശുഭാപ്തിവിശ്വാസമാണ് കാണാന്‍ കഴിഞ്ഞത്. ലോകനേതാക്കളായാലും, വ്യവസായികളായാലും, ജീവിതത്തിന്റെ നാനാതുറകളിലുള്ള പൗരന്മാരായാലും അവര്‍ക്കെല്ലാം ഇന്ന് ഇന്ത്യയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് മോദി ട്വിറ്റില്‍ കുറിച്ചു. ഡൊണാള്‍ഡ് ട്രംപ് മുതല്‍ ഇന്ത്യയിലെ ജനങ്ങള്‍ വരെ എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിച്ചു.
















