മക്കളെ,
ഈശ്വരനെക്കുറിച്ചു പലര്‍ക്കും പല ധാരണകളാണുള്ളത്. അധികംപേരും ഈശ്വരനില്‍ വിശ്വസിക്കുന്നവരാണ്. ചിലര്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നുമുണ്ട്. എന്നാല്‍ ഈശ്വരനില്‍ വിശ്വസിക്കുന്നവരില്‍തന്നെ മിക്കവരും ഈശ്വരനെ തങ്ങളില്‍ നിന്നും ബാഹ്യമായ ഒരു ശക്തിയായാണ് കരുതുന്നത്. സത്യത്തില്‍, വിത്തില്‍ വൃക്ഷംപോലെയും പാലില്‍ വെണ്ണ പോലെയും സ്വര്‍ണ്ണാഭരണത്തില്‍ സ്വര്‍ണ്ണമെന്ന പോലെയും സര്‍വ്വചരാചരങ്ങളിലും ഈശ്വരന് കുടികൊള്ളുന്നു.
ഓരോ വ്യക്തിയിലും ദിവ്യത്വമുണ്ട്, ഈശ്വരത്വം ഉണ്ട്. തേനിന്റെ രുചിയോ, പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ നമുക്കു കഴിയുകയില്ല. രുചിച്ചും, കണ്ടും അനുഭവിച്ചുമാണ് അത് അറിയാന്‍ കഴിയുന്നത്. വിദ്യുച്ഛക്തി നമുക്കു കാണാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുതകമ്പിയില്‍ തൊട്ടാലറിയാന്‍ കഴിയും; അനുഭവിക്കാന്‍ സാധിക്കും. അതുപോലെ ഈശ്വരാനുഭൂതി വാക്കിനും മനസ്സിനും അപ്പുറമാണ്. ശരിയായ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ നീങ്ങിയാല്‍ ഈശ്വരനെ അനുഭവിച്ചറിയാന്‍ കഴിയും. ആ അനുഭൂതി നുകരാന്‍ കഴിയും.
ഒരിക്കല്‍ ഒരു സന്ന്യാസി ഒരു വിദ്യാലയത്തിനു മുന്നിലൂടെ നടക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. ചിലര്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ചോദിച്ചു, ”നിങ്ങള്‍ എന്തിനാണ് ഈ വേഷം കെട്ടിയിരിക്കുന്നത്?” സന്ന്യാസി പറഞ്ഞു, ”സന്ന്യാസം സ്വീകരിക്കുന്നത് ഈശ്വരസാക്ഷാത്കാരം ലക്ഷ്യമാക്കിയാണ്.” അതു കേട്ട് കുട്ടികള്‍ വീണ്ടും ചോദിച്ചു, ”ഈശ്വരനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലാത്ത ഈശ്വരനെ എങ്ങനെ സാക്ഷാത്കരിക്കും?” അതിനു മറുപടിയായി സമീപത്തുള്ള ഒരു വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് സന്ന്യാസി ചോദിച്ചു, ”ആ വൃക്ഷം എന്തില്‍നിന്നാണ് ഉണ്ടായത്?” ”അതിന്റെ വിത്തില്‍നിന്ന്”, വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ധാരാളം പഴങ്ങള്‍ വീണുകിടന്നിരുന്നു. സന്ന്യാസി ഒരു പഴം എടുത്തു കടിച്ചു. പിന്നെ അതിന്റെ ഉള്ളിലേയ്ക്ക് ഒന്നു നോക്കി. എന്നിട്ട് അതു വലിച്ചെറിഞ്ഞു. അടുത്ത പഴവും കടിച്ചുനോക്കി വലിച്ചെറിഞ്ഞു. ഇങ്ങനെ ഒന്നൊന്നായി കുറെ പഴങ്ങള്‍ സന്ന്യാസി കടിച്ചുനോക്കിയിട്ട് വലിച്ചെറിഞ്ഞു. ഇതുകണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സന്ന്യാസിയുടെ പ്രവൃത്തിയുടെ ഉദ്ദേശ്യം അറിയാനുള്ള ആകാംക്ഷയായി. അവര്‍ സന്ന്യാസിയുടെ അടുത്തുചെന്ന് ചോദിച്ചു, ”നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഈ പഴങ്ങള്‍ ഓരോന്നായി കടിച്ചിട്ടു വലിച്ചെറിയാന്‍ നിങ്ങള്‍ക്കു ഭ്രാന്താണോ?” സന്ന്യാസി പറഞ്ഞു, ”അതോ, ഈ വൃക്ഷം ഉണ്ടായത് വിത്തില്‍നിന്നാണല്ലോ. അപ്പോള്‍ പഴത്തിനകത്തുള്ള വിത്തില്‍ വൃക്ഷം ഉണ്ടോ എന്ന് നോക്കുകയായിരുന്നു. പക്ഷെ ഒന്നില്‍ പോലും വൃക്ഷത്തെ കണ്ടില്ല.” അതുകേട്ട് വിദ്യാര്‍ത്ഥികള്‍ ചിരിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു, ”ഇത്രയും ചെറിയ വിത്തില്‍ വലിയ വൃക്ഷം എങ്ങനെയാണ് കാണാന്‍ സാധിക്കുക? ആദ്യം വിത്ത് നടണം, എന്നിട്ട് അതിന് സമയത്തിന് വെള്ളവും വളവും നല്‍കണം. അങ്ങനെയായാല്‍ വിത്തില്‍ നിന്ന് മുളപൊട്ടി തൈ കിളിര്‍ത്തുവന്ന്, വളര്‍ന്നു വലുതാകുമ്പോള്‍ അത് വലിയൊരു വൃക്ഷമായിത്തീരും.” അപ്പോള്‍ സന്ന്യാസി പറഞ്ഞു, ”ഈശ്വരന്റെ കാര്യവും ഇതുപോലെയാണ്. വിത്തിനുള്ളിലെ വൃക്ഷംപോലെ നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഈശ്വരന് കുടികൊള്ളുന്നുണ്ട്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്കത് അനുഭവമായിട്ടില്ല. അനുഭവമില്ലാത്തതുകൊണ്ട് ഈശ്വരനില്ല എന്ന് എങ്ങനെ പറയാനാകും? ഈശ്വരനെ അനുഭവിച്ചവര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ പ്രയത്നിച്ചാല്‍ ആര്‍ക്കും ഈശ്വരനെ അനുഭവിച്ചറിയാനാകും. അതിനുള്ള ഒരു മാര്‍ഗ്ഗമാണ് സന്ന്യാസജീവിതം.”
ഈശ്വരാരാധന ആത്മതത്ത്വം വെളിവാക്കാനാണ്. നമ്മള് മനസ്സിനെ അന്തര്‍മുഖമാക്കി ഉള്ളിലിരിക്കുന്ന ഈശ്വരനെ തേടണം. ധ്യാനം, ജപം തുടങ്ങിയ സാധനകള്‍ അനുഷ്ഠിക്കണം. ക്രമേണ ഈശ്വരനെ അനുഭവിച്ചറിയാന്‍ കഴിയും. ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിന്റെ പരിമളവും ഭംഗിയും അറിയാന്‍ കഴിയില്ല. അതു വിടര്‍ന്ന് വികസിക്കണം. അതുപോലെ സാധനയിലൂടെ നമ്മുടെ ഹൃദയപുഷ്പം വിടരണം. വിത്തു വളര്‍ന്ന് വൃക്ഷമായാല്‍ പിന്നെ അത് വരുന്നവര്‍ക്കെല്ലാം തണലും പഴങ്ങളും നല്കുന്നു. എന്നാല്‍ വിത്തിന് ആ കഴിവില്ല. അതുപോലെ ആത്മതത്ത്വം അറിഞ്ഞവന് പിന്നെ ലോകത്തിനു ശാന്തിയും സമാധാനവും പകരുന്ന ആനന്ദസ്രോതസ്സായി മാറുന്നു. ഒരു ചന്ദനഫാക്ടറിയില്‍ ചെന്നാല്‍ മതി, നമ്മുടെ ദേഹത്തും ആ മണം വ്യാപിക്കും. അതുപോലെ ഈശ്വരനെ സാക്ഷാത്ക്കരിച്ച ഒരു മഹാത്മാവിന്റെ സാമീപ്യംപോലും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരുന്നു.
ഈശ്വരന് എന്നതു് അനുഭവമാണു്. അതനുഭവിക്കുവാനുള്ള വഴിയാണു് പ്രാര്‍ത്ഥന, ജപം, ധ്യാനം തുടങ്ങിയ ആദ്ധ്യാത്മികസാധനകള്‍. അതിലൂടെ നമ്മുടെ ഹൃദയപുഷ്പം വിടരണം. അപ്പോള്‍ ഈശ്വരനെ ദര്‍ശിക്കാനും, ആ പരമാനന്ദം അനുഭവിക്കുവാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: