ചെന്നൈ: വ്യജ വാര്‍ത്തകള്‍ പടച്ചുവിട്ട യുട്യൂബ് ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ നടി രേഖ. മലയാളം, തമിഴ്, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടി രേഖ മരിച്ചെന്ന വ്യജ വാര്‍ത്ത നല്കിയ ‘മീശ മച്ചാന്’ എന്ന യുട്യൂബ് ചാനലിനെതിരെയാണ് താരം പ്രതികരിച്ചത്. എത്രയോ കലാകാരന്മാരെ വളര്‍ത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവര്‍ത്തകര്‍. ഏതു ഭാഷയില്‍ നിന്ന് വന്നവരാണേലും നിങ്ങള്‍ പ്രോല്സാഹിപ്പിച്ചിട്ടുണ്ട. മലയാളത്തില്‍ നിന്നു വന്ന നയന്‍താരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങള്‍. എന്നിട്ട് ഇതുപോലെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് ശരിയാണോ എന്ന് രേഖ ചോദിച്ചു.
ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രേഖയുടെ പ്രതികരണം. ഏതോ സ്ഥലത്തിരുന്ന് രു യുട്യൂബ് ചാനല്‍ തുടങ്ങി അതില്‍ അനാവശ്യ വിഷയങ്ങള്‍ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാനുള്ള നടപടികള്‍ അധികൃതരില്‍ നിന്നുണ്ടാകണമെന്നും രേഖ വ്യക്തമാക്കി. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാര്‍ത്തകള്‍ വരുന്നത്. തനിക്കതില്‍ സങ്കടമില്ല, തന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നതെന്നും നടി വ്യക്തമാക്കി. ‘എന്നെത്തന്നെ നിരവധി സഹപ്രവര്‍ത്തകര്‍ വിളിച്ച് ചോദിച്ചു, ഞാന്‍ മരിച്ചുപോയോ എന്ന്. ഞാന്‍ പറഞ്ഞു ആ.. ഞാന്‍ മരിച്ചു പോയി. നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്!,’ രേഖ പറഞ്ഞു.
കലൈഞ്ജര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം മരിച്ചുപോയെന്ന് എഴുതിപ്പിടിപ്പിച്ചു. നടി കെ.ആര്. വിജയ മരിച്ചെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മോഹന്‍ സാറിനെയൊക്കെ എത്രയോ തവണ ഇതുപോലെ കൊന്നിട്ടുണ്ട്. ഇവരൊന്നും പ്രതികരിക്കാത്തതു കൊണ്ടാണ് ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള വ്യജ പ്രചരണങ്ങൾ വഴി അവര്‍ പൈസയുണ്ടാക്കുകയാണെന്നും നടി വ്യക്തമാക്കി.
ഓഗസ്റ്റ് 17ന് ‘നടി രേഖയുടെ മൃതദേഹമാണോ ഇത്?’ എന്നൊരു തലക്കെട്ട് നല്കി വെള്ളത്തുണിയില്‍ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ചിത്രങ്ങള്‍ നല്കി ‘മീശ മച്ചാന്’ വാർത്ത നൽകുകയായിരുന്നു. ഈ വ്യാജവാര്‍ത്ത 10 ലക്ഷം പേരാണ് യുട്യൂബില്‍ കണ്ടത്.
ഭര്‍ത്താവിന്റെയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാന്‍ കഴിയുന്നത്. എന്റെ വ്യക്തിജീവിതം മനോഹരമായാണ് ഞാന്‍ കൊണ്ടുപോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്യുന്നു. നൂറു പടങ്ങളില്‍ അഭിനയിച്ചെന്നും ഇനിയും നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ വാങ്ങണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ചു വയ്ക്കണോ? എന്ന് നടി രേഖ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. പ്രശസ്തി നമ്മളെ തേടി വരണം. അല്ലാതെ നമ്മള് പ്രശസ്തിയെ തേടിപ്പോയിട്ട് കാര്യമില്ലെന്നും രേഖ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തില്‍ ജി.വി. പ്രകാശിന്റെ അമ്മവേഷത്തിലാണ് രേഖ എത്തുന്നത്. ചന്ദ്രമൗലിയാണ് ചിത്രത്തിന്റെ സംവിധായകന്.
















