കൊളംബോ: ആന പ്രേമികള്‍ക്കിടയിലെ പുതിയ ചര്‍ച്ചാവിഷയമാണ് ശ്രീലങ്കയിലെ നാദുങ്കമുവാ രാജാ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കൊമ്പനാണ് ഈ 65 വയസ്സുകാരന്‍. 3.2 മീറ്ററോളം നീളമുള്ള കൊമ്പുകളാണ് ലക്ഷണമൊത്ത ഈ ആനയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ 24 മണിക്കൂറും സുരക്ഷാജീവനക്കാരുടെ അകമ്പടിയോടെയാണ് രാജായുടെ നടപ്പ്. ആയുധധാരികളായ സുരക്ഷാജീവനക്കാര്‍ രാജാ എങ്ങോട്ടു പോയാലും കാവലിനുണ്ടാകും.
മൈസൂര്‍ രാജാവ് സമ്മാനമായി നല്‍കിയ രണ്ടാനകളില്‍ ഒന്നാണ് രാജ. രാജാക്ക് നേരെ 2015ല്‍ നടന്ന ആക്രമണത്തെ തുടര്‍ന്നാണ് അപായ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി സർക്കാർ മുന്‍കൈയെടുത്ത് സുരക്ഷയൊരുക്കിയത്. സർക്കാരാണ് തന്റെ ആനയ്‌ക്ക് സുരക്ഷാജീവനക്കാരെ നിയമിച്ചതെന്ന് രാജായുടെ ഉടമ ഹര്‍ഷ ധര്‍മവിജയ വ്യക്തമാക്കി. സുരക്ഷാജീവനക്കാരെ കൂടാതെ രാജായെ തിരക്കുള്ള സ്ഥലങ്ങളിലും ഉത്സവങ്ങള്‍ക്കും മറ്റും എഴുന്നള്ളിക്കുമ്പോള്‍ ശ്രദ്ധിക്കാനായി രണ്ട് സ്ഥിരം ജീവനക്കാരുമുണ്ട്.
1978ലാണ് നാദുങ്കമുവായിലെ ധര്‍മവിജയ കുടുംബത്തിലേക്ക് രാജാ എത്തുന്നത്. അന്നുമുതലാണ് രാജായെ നാദുങ്കമുവാ എന്ന സ്ഥലപേരു ചേര്‍ത്ത് വിളിച്ചു തുടങ്ങിയത്. ശ്രീലങ്കയിലെ പ്രധാന ബുദ്ധക്ഷേത്രത്തിലെ വിഗ്രഹമെഴുന്നള്ളിക്കുന്നതും രാജായാണ്. എസാല എന്ന ഈ ഉത്സവത്തിന്റെ ഭാഗമായി ഏതാണ്ട് 90 കിലോമീറ്ററോളം രാജായെ എഴുന്നള്ളിക്കാറുണ്ട്. ആഗസ്റ്റില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ നൂറോളം ആനകളെയാണ് എഴുന്നള്ളിക്കുന്നത്.
ശ്രീലങ്കയിലെ അനൗദ്യോഗിക നിധിയാണ് ഈ ആനയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് ലക്ഷണമൊത്ത കൊമ്പന് 24 മണിക്കൂറും കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
















