തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റ മാഫിയകള്‍ അതിശക്തരാണെന്ന് സ്ഥലംമാറ്റപ്പെട്ട ദേവികുളം സബ് കലക്ടര്‍ രേണു രാജ്. ബിസിനസുകാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും സിനിമാക്കാരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ നിലകളില്‍ ഉള്ളവര്‍ ഇതിന്റെ ഭാഗങ്ങളാണ്. ഇടുക്കി ജില്ലയിലെ ആദ്യ വനിതാ സബ് കലക്ടര്‍ കൂടിയാണ് ഞാന്‍. ഇവിടെ ചുമതലയേറ്റതു മുതല്‍ അഭ്യൂഹങ്ങളുടെ പെരുമഴയായിരുന്നു. എന്നെ ഉടന്‍ പറഞ്ഞു വിടുമെന്നായിരുന്നു പലരും പ്രചരിപ്പിച്ചത്. വനിതാ ഉദ്യോഗസ്ഥയ്‌ക്ക് ദേവികുളത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു വരെ പറഞ്ഞു. കയ്യേറ്റം തന്നെ ആണു മൂന്നാറിന്റെ മുഖ്യ പ്രശ്‌നം. ഭൂമി കയ്യേറ്റക്കാര്‍ മൂന്നാറിന്റെ കാന്‍സറാണ്.
പുറത്തു നിന്നു മൂന്നാറിലെത്തി സര്‍ക്കാര്‍ ഭൂമി കയ്യടക്കിയവരാണ് ഇവിടത്തെ പ്രധാന കയ്യേറ്റക്കാര്‍. ഇവരില്‍ രാഷ്‌ട്രീയക്കാരും ബിസിനസുകാരുമൊക്കെയുണ്ട്. മൂന്നാറില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഇപ്പോഴും നിയമത്തെക്കുറിച്ചും മറ്റും വലിയ അറിവില്ല. ഇവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണു പുറത്തുനിന്നുള്ളവര്‍ ശ്രമിക്കുന്നത്. തല ചായ്‌ക്കാനിടമില്ലാതെ ഒന്നും രണ്ടും സെന്റ് ഭൂമി കയ്യേറുന്നവരും മൂന്നാറിലുണ്ടെന്നും പറയാതിരിക്കാന്‍ കഴിയില്ലെന്ന് രേണു രാജ് മനോരമയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ശക്തമായ ടീം ഉണ്ടെങ്കില്‍ മൂന്നാറില്‍ നിയമം നടപ്പാക്കാം. ആരെയും ഭയക്കേണ്ട കാര്യമില്ല. എന്റെ അനുഭവം ഇതാണ്. നിയമം നടപ്പാക്കാനാണ് ഉദ്യോസ്ഥരെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. അല്ലാതെ നിയമം ലംഘിക്കാനോ കയ്യേറ്റങ്ങള്‍ക്കു കുടപിടിക്കാനോ അല്ല. ശക്തമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വിവാദങ്ങളും എതിര്‍പ്പുകളും സ്വാഭാവികം. വിവാദങ്ങള്‍ അതിന്റെ വഴിക്കു പോകുമെന്നും രേണുരാജ് പറയുന്നു.
















